കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് 'ഷെറിന്‍ നിയമം'

By Web DeskFirst Published Jan 23, 2018, 9:38 AM IST
Highlights

ഹൂസ്റ്റൺ∙ മൂന്ന് വയസുകാരിയുടെ ദാരുണ മരണത്തിന് പിന്നാലെ കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നത് തടയാന്‍ നിയമ സംവിധാനമൊരുക്കാനൊരുങ്ങി അമേരിക്ക. കൊച്ചു കുട്ടികളെ വീട്ടിൽ തനിച്ചാക്കിയിട്ടു പോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

നിർദിഷ്ട നിയമത്തിനു ‘ഷെറിൻ നിയമം’ എന്നു പേര് നൽകാനാണ് നീക്കം. മലയാളി ദമ്പതികൾ ബിഹാറിലെ അനാഥാലയത്തിൽനിന്നു ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബറിൽ ഡാലസിൽ റിച്ചഡ്സണിലെ വീട്ടിൽനിന്നാണു കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തി. ദുരൂഹസാഹചര്യത്തിൽ കുട്ടി മരിച്ച കേസിൽ വളർത്തച്ഛൻ വെസ്‌ലി മാത്യൂസിനെതിരെ (37) വധശിക്ഷ വരെ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വെസ്‌ലിയുടെ ഭാര്യ സിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്‌ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്‌ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലിൽ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഇതാണു ‘ഷെറിൻ നിയമം’ കൊണ്ടുവരുവാൻ അധികൃതർക്കു പ്രേരണയായത്. വീട്ടിൽ കുട്ടികളെ തനിയെ ആക്കിയിട്ടു പോകാവുന്ന പ്രായം എത്രയെന്ന് ഇനിയും വ്യക്തതയായിട്ടില്ല.

click me!