
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ജനറൽ സെക്രട്ടറി കെ. സുരന്ദ്രന്‍റെ നിലപാട് മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രൻ തള്ളി. ശബരിമലയുടെ കാര്യത്തിൽ തന്‍റെ പാർട്ടിയിലെ എന്നല്ല ഒരു പാർട്ടിയിലെയും രാഷ്ട്രീയനേതാക്കൾ അഭിപ്രായം പറയേണ്ടെന്ന് ശോഭാ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി കെ.സുരേന്ദ്രനും വ്യക്തമാക്കി.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലി ദേശീയതലത്തിൽ വലിയ ചർച്ച നടക്കുമ്പോഴാണ് സംസ്ഥാന ബിജെപിയിൽ കടുത്ത ഭിന്നത. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയാണ്.
ആർത്തവം പ്രകൃതി നിയമമാണെന്നും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധി എന്നർത്ഥമില്ലെന്നുമാണ് സുരേന്ദ്രന്റെ വാദം. കടുംപിടുത്തം വിട്ട് ഹൈന്ദൃവ നേതൃത്വം തുറന്ന ചർച്ചക്ക് തയ്യാറാകണമെന്ന സുരേന്ദ്രന്റെ നിലപാടിനെതിരെ ബിജെപിയിൽ നിന്നും എതിരഭിപ്രായം ഉയർന്നു.
അതേ സമയം ഫേസ് ബുക്ക് പോസ്റ്റിലെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് കെ.സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീപ്രവേശനത്തിലും ശബരിമലയിലെ പരിഷ്ക്കാരങ്ങളിലും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും സ്വീകരിച്ച നയങ്ങളെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ശക്തമായി എതിർത്തിരുന്നു.
സ്ത്രീപ്രവേശനത്തിൽ കുമ്മനം വ്യക്തമായ നിലപാട് സ്വീകരിക്കാതിരിക്കുമ്പോഴാണ് സുരേന്ദ്രൻ പരസ്യ നിലപാടെടുത്തത്. ഒപ്പം വർഷത്തിൽ എല്ലാ ദിവസവും ദർശന സൗകര്യം ഒരുക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് സമാനമായ വാദം സുരേന്ദ്രൻ ഉന്നയിച്ചതും കുമ്മനത്തെയും ബിജെപിയെയും പ്രതിരോധത്തിലാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam