
കണ്ണൂര്‍: കണ്ണൂരിൽ വ്യാജരേഖ ചമച്ച് കോടികള്‍തട്ടിയ കേസ് നിർണായക വഴിതിരിവിലേക്ക്. മരിച്ച ബാലകൃഷ്ണന്റെ ഭാര്യയെന്ന് വ്യാജരേഖയുണ്ടാക്കി സ്വത്തുക്കളും ആനുകൂല്യങ്ങളും കൈക്കലാക്കിയ ജാനകിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയായ അഭിഭാഷകയുടെ സഹോദരിയാണ് ഇവർ. ബാലകൃഷ്ണനെ താൻ വിവാഹം ചെയ്തിട്ടില്ലെന്നാണ് പൊലീസിന് ഇവർ ഇന്ന് മൊഴി നൽകിയിരിക്കുന്നത്. ഒപ്പം ബാക്കി പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
പ്രതിയായ അഭിഭാഷകയും ഭർത്താവും വ്യാജ രേഖയുണ്ടാക്കി ബാലകൃഷ്ണന്റെ ഭാര്യയായി അവതരിപ്പിച്ച ജാനകിയെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ, തന്നെ സഹോദരിയായ അഭിഭാഷക ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും താൻ ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നുമാണ് ജാനകി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഇവരുടെ പ്രായം പരിഗണിച്ച് സാവധാനവും സമയം നൽകിയുമായിരുന്നു ചോദ്യം ചെയ്യൽ നടപടികൾ. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും, സ്ഥലവും, ബാങ്കിലെ പണവുമടക്കം ഇവർ മുഖേനയാണ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം അന്വേഷണസംഘം ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. അഭിഭാഷകയും ഭർത്താവ് കൃഷ്ണകുമാറും ഏറണാകുളത്താണ് ഇപ്പോഴുള്ളത്. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിക്കുന്നുണ്ട്.
കൂടാതെ ഇത്രയും വ്യാജരേകകള്‍ തയ്യാറാക്കാന്‍ പ്രതികളെ സഹായിച്ച വില്ലേജ് ഓഫീസർ, തഹസിൽദാർ മുതൽ ഉന്നതസർക്കാറുദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും പോലീസ് ഒരുങ്ങുന്നുണ്ട്. ഉദ്യോഗസ്ഥ സഹായത്തോടെ തൃച്ചംബരത്തെ പൗരപ്രമുഖനും റിട്ടേഡ് കേണലുമായിരുന്ന ഡോ കുഞ്ഞമ്പുവിന്റെ മകനായ ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്താണ് പയ്യന്നൂര്‍ കോടതിയിലെ അഭിഭാഷക ഷൈലജയും ഭർത്താവായ കൃഷ്ണകുമാറും ചേർന്ന് ഇങ്ങനെ തട്ടിയിരിക്കുന്നത്. 2006ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് അവിവാഹിതനായ ബാലകൃഷ്ണനുമായി ഷൈലജ സൗഹൃദം സ്ഥാപിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് തിരുവനന്തപുരത്തു രോഗം ബാധിച്ച്ചികിത്സയിലായിരിക്കെ 2011ല്‍ ബാലകൃഷ്ണനെ ആശുപത്രിയില്‍നിന്നും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിച്ച് ഷൈലജ കണ്ണൂരിലേക്ക് കൊണ്ടുവരുകയും, യാത്രയ്‌ക്കിടെ കൊടുങ്ങല്ലൂരില്‍വച്ച് ബാലകൃഷ്ണന്‍ മരണപ്പെടുകയും ചെയ്തു. അടുത്ത ബന്ധുക്കളെപോലും അറിയിക്കാതെ ഇവർ ഷൊർണൂരില്‍ വച്ച് സംസ്‌ക്കാരക്രിയകൾ നടത്തി, മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി ബാലകൃഷ്ണന്‍റെ സഹോദരന്‍ പോലീസില്‍ പരാതി നല്കിയെങ്കിലും അന്ന് കാര്യമായ അന്വേഷണമൊന്നും നടന്നില്ല. ബാലകൃഷ്ണന്‍റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈക്കാലാക്കാന്‍ മരണത്തിനുമുന്‍പേ ഇയാളുടെ സ്വത്തുക്കള്‍ എഴുതിവാങ്ങാനായിരുന്നു അന്നത്തെ കണ്ണൂരിലേക്കുള്ള തിടുക്കപ്പെട്ടുള്ള യാത്രയെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇതു നടക്കാതായതോടെയാണ് ശൈലജയുടെ സഹോദരിയായ ജാനകിയുമായി ബാലകൃഷ്ണന്‍റെ വിവാഹം നടന്നെന്ന് വ്യാജരേഖയുണ്ടാക്കി കുടുംബപെന്‍ഷനും മറ്റും ഇവർ വാങ്ങിതുടങ്ങിയത്. ഇതേരേഖകളുപയോഗിച്ച് തിരുവനന്തപുരത്തെ വീടും സ്ഥലവും കൈക്കലാക്കിമറിച്ചുവില്‍ക്കുകയും ചെയ്തു.
ബാക്കി സ്വത്തുക്കളും കൈക്കലാക്കാൻ ശ്രമം തുടങ്ങിയപ്പോള്‍ ബാലകൃഷ്ണന്റെ മരണശേഷമുള്ള ഇവരുടെ ഈ ഇടപെടലുകള്‍ നാട്ടുകാരിൽ ചിലരില്‍ സംശയം ഉണ്ടാക്കിയതോടെ കഥ വെളിച്ചത്ത് വന്നു. ഇവർ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് കോടതിയെ സമീപിപ്പിച്ചു. തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam