നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യൻ വംശജന് ചികിത്സ ലഭിക്കാനായി എട്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു. ആശുപത്രിയിലെ വെയിറ്റിങ് റൂമിൽ മണിക്കൂറുകളോളമാണ് പ്രശാന്ത് കാത്തിരുന്നത്.

എഡ്മോന്‍റൺ: കാനഡയിലെ എഡ്മോന്‍റണിൽ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യൻ വംശജന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. ശ്വാസംമുട്ടലും നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്തിനെ ചികിത്സിക്കാനായി എട്ട് മണിക്കൂറിലേറെ സമയം അധികൃതർ കാത്തുനിർത്തിയതായി പിതാവ് കുമാർ ശ്രീകുമാർ ആരോപിച്ചതായി ‘ഗ്ലോബൽ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ലെന്ന് പ്രശാന്തിന്‍റെ ഭാര്യയും ആരോപിക്കുന്നു.

ഡിസംബര്‍ 22നാണ് സംഭവം ഉണ്ടായത്. ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ പ്രശാന്തിനെ ഉടൻ തന്നെ തെക്കുകിഴക്കൻ എഡ്മോന്‍ററിലെ ഗ്രേ നൺസ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ വെയിറ്റിങ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്.

വേദന സഹിക്കാനാവുന്നില്ലെന്ന് പ്രശാന്ത് പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍ ഇസിജി എടുത്ത ശേഷം കാര്യമായ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതികഠിനമായ വേദന സഹിച്ചിരുന്നെങ്കിലും ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി കാത്തിരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു.

എട്ടു മണിക്കൂർ കാത്തിരിപ്പിന് ശേഷം പ്രശാന്തിനെ എമർജൻസി മുറിയിലേക്ക് വിളിച്ചു. എന്നാൽ കസേരയിൽ ഇരുന്ന ഉടൻ തന്നെ പ്രശാന്ത് നെഞ്ചിൽ കൈവെച്ച് പിതാവിന്‍റെ മുന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. നഴ്‌സുമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് അദ്ദേഹം മരണപ്പെട്ടു. മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് പ്രശാന്തിന്‍റെ കുടുംബം.

ആശുപത്രിയുടെ പ്രതികരണം

സംഭവത്തെക്കുറിച്ച് മെഡിക്കൽ എക്സാമിനർ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതരായ കോവനന്‍റ് ഹെൽത്ത് നെറ്റ്‌വർക്ക് ‘ഗ്ലോബൽ ന്യൂസി’നെ അറിയിച്ചു. രോഗിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.