'അങ്ങനെയങ്ങ് തോറ്റുതരുന്നില്ലെങ്കിലോ'; ഹര്‍ത്താല്‍ ദിനത്തില്‍ താരമായി പച്ചക്കറി കച്ചവടക്കാരന്‍

By Web TeamFirst Published Dec 15, 2018, 12:38 PM IST
Highlights

ഒരു നഷ്ടത്തിന്റെ കയ്പ് മാറും മുമ്പാണ് ഇരുട്ടടി പോലെ വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി രംഗത്തെത്തിയത്. എന്നാല്‍ ഇക്കുറി അത് തലയാട്ടി സമ്മതിച്ചുകൊടുക്കാന്‍ രമേശന്‍ തയ്യാറായിരുന്നില്ല. ഓര്‍ഡര്‍ ചെയ്ത 25,000 രൂപയുടെ പച്ചക്കറിയുമായി ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ രമേശന്‍ അങ്ങാടിയിലേക്കിറങ്ങി
 

കണ്ണൂര്‍: ജനങ്ങളെ വലയ്ക്കുന്ന ഹര്‍ത്താല്‍ 'കൊണ്ടാടുന്നവര്‍' കണ്ടുപഠിക്കണം കണ്ണൂര്‍ മാതമംഗലം സ്വദേശി രമേശനെ. നാട്ടില്‍ കഴിഞ്ഞ 20 വര്‍ഷമായി പച്ചക്കറിക്കച്ചവടം നടത്തുന്നയാളാണ് രമേശന്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന പച്ചക്കറികള്‍ ചെറിയ കടകളിലേക്ക് വിതരണം ചെയ്യുന്നതാണ് രമേശന്റെ രീതി. 

അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളെല്ലാം രമേശനെ പോലെയുള്ള കച്ചവടക്കാര്‍ക്ക് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ. കഴിഞ്ഞ മാസം 17ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലും അങ്ങനെയൊരു നഷ്ടത്തിന്റെ ദിവസമായിരുന്നു രമേശന്. ഹര്‍ത്താല്‍ ശനിയാഴ്ചയായിരുന്നതിനാല്‍, അന്ന് വില്‍ക്കാന്‍ കഴിയാതിരുന്ന പച്ചക്കറികള്‍ ഞായറാഴ്ചയും വില്‍ക്കാനായില്ല. അന്ന് ആകെ 15,000 രൂപയുടെ പച്ചക്കറിയാണ് ആര്‍ക്കുമില്ലാതെ പാഴായത്. 

'ഹര്‍ത്താല്‍ ദിവസങ്ങളൊക്കെ ഇങ്ങനെയാണ് അപ്രതീക്ഷിതമായിട്ടാണ് നഷ്ടം പറ്റുക. അത് സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലല്ലോ'- രമേശന്‍ പറയുന്നു. 

ആ നഷ്ടത്തിന്റെ കയ്പ് മാറും മുമ്പാണ് ഇരുട്ടടി പോലെ വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി രംഗത്തെത്തിയത്. എന്നാല്‍ ഇക്കുറി അത് തലയാട്ടി സമ്മതിച്ചുകൊടുക്കാന്‍ രമേശന്‍ തയ്യാറായിരുന്നില്ല. 

കര്‍ണാടത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ഓര്‍ഡര്‍ ചെയ്ത 25,000 രൂപയുടെ പച്ചക്കറിയുമായി ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ രമേശന്‍ അങ്ങാടിയിലേക്കിറങ്ങി. 6.30 മുതല്‍ 8.30 വരെ അതിലെ വന്നവര്‍ക്കെല്ലാം ആവശ്യാനുസരണം പച്ചക്കറി സൗജന്യമായി നല്‍കി. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമെല്ലാം അതിശയം തോന്നുമെങ്കിലും രമേശനിത് ഒരു മധുര പ്രതികാരമാണ്. അങ്ങനെ ഞങ്ങളെ കുടുക്കിലാക്കാന്‍ സമ്മതിക്കില്ലെന്ന പ്രതിഷേധമാണ്.  

'ഞാന്‍ ഹര്‍ത്താലിന് എതിരൊന്നുമല്ല. നാടിന് എന്തെങ്കിലും ഗുണമുണ്ടാകാനോ, ജനങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതാകുമ്പോഴോ ഒക്കെ ഹര്‍ത്താല്‍ നടത്തേണ്ടിവരും. അങ്ങനെ വരുന്ന നഷ്ടമൊക്കെ സഹിക്കണം. പക്ഷേ ഇത് അല്‍പം കൂടിപ്പോയിരുന്നു. ഈ ഹര്‍ത്താല്‍ അനാവശ്യമാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്'- രമേശന്‍ പറഞ്ഞുനിര്‍ത്തുന്നു. 

രമേശന്റെ 'ഹര്‍ത്താല്‍ വിരുദ്ധ' പരിപാടി സമൂഹമാധ്യമങ്ങളിലും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ജനങ്ങളെ പട്ടിണിയിലാക്കുകയും വലയ്ക്കുകയും ചെയ്യുന്ന അനാവശ്യ ഹര്‍ത്താലുകളോട് ഇത്തരത്തില്‍ പ്രതികരിക്കുക തന്നെ വേണമെന്ന് രമേശന് അഭിനന്ദനമറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ ഒന്നടങ്കം പറയുന്നു. 

click me!