
കോഴിക്കോട്: മിഠായിത്തെരുവിൽ ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ. രാവിലെ ഒമ്പത് മണിയോടെത്തന്നെ പല കടകളും തുറന്നു തുടങ്ങി. പണിമുടക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എന്നാൽ നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും മിഠായിത്തെരുവിലെ വ്യാപാരികൾ പറയുന്നു.
കനത്ത പൊലീസ് സുരക്ഷയിലാണ് മിഠായിത്തെരുവിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നത്. കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പതിവുപോലെയുള്ള തിരക്ക് നഗരത്തിലുണ്ടാകാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. തുറന്ന കടകൾ അടപ്പിക്കാൻ കർമസമിതി - ബിജെപി - ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. കടകൾ അക്രമികൾ കല്ലെറിഞ്ഞ് തകർത്തു. മിഠായിത്തെരുവിൽ തെരുവുയുദ്ധമായി.
Read More: മിഠായിത്തെരുവിൽ സംഘർഷം, കടകൾക്ക് നേരെ കല്ലേറ്, പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
മിഠായിത്തെരുവിലെ സംഘർഷം നിയന്ത്രിക്കാൻ കഴിയാതിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ പിഴവാണെന്നാരോപിച്ച് പൊലീസുദ്യോഗസ്ഥൻ തന്നെ രംഗത്തെത്തിയത് വിവാദമായിരുന്നു. ഹർത്താൽ നേരിടുന്നതിൽ വീഴ്ച വരുത്തിയതിന് കോഴിക്കോട്ടെ പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാറിനെ മാറ്റിയിരുന്നു. കോറി സഞ്ജയ് കുമാർ ഐപിഎസ്സാണ് പുതിയ കോഴിക്കോട് കമ്മീഷണർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam