കരിഞ്ചന്തയും പൂഴ്‌ത്തിവെയ്പ്പും വ്യാപകം; യുപിയില്‍ ഉപ്പിന് 400 രൂപ

By Web DeskFirst Published Nov 12, 2016, 3:50 AM IST
Highlights

പാചകം ചെയ്യുന്നതിനുള്ള ഉപ്പിന് വന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ചാണ് വ്യാപാരികള്‍ 400 രൂപ വരെ ഈടാക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഉപ്പിന് 200 രൂപ വരെ ഈടാക്കിയിരുന്നു. ഉച്ച കഴിഞ്ഞതോടെയാണ് ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉപ്പിന് കിലോയ്‌ക്ക് 400 രൂപയായി ഉയര്‍ത്തിയത്. വന്‍കിട വ്യാപാരകേന്ദ്രങ്ങളിലെല്ലാം വന്‍നിരയും ദൃശ്യമായിരുന്നു. ലക്‌നൗവിന് പുറമെ, കാണ്‍പുര്‍, ലഖിംപുര്‍, സിതാപുര്‍ മിര്‍സാപുര്‍, ഫത്തേപുര്‍ എന്നിവിടങ്ങളിലും ഉപ്പിന് അമിത വിലയാണ് ഈടാക്കിയത്. ഉത്തര്‍പ്രദേശിലും ദില്ലിയിലെ വിവിധ ഭാഗങ്ങളിലും പഞ്ചസാര പൂഴ്‌ത്തിവെക്കുന്നതായും വിവരമുണ്ട്. ഉത്തര്‍പ്രദേശില്‍ ഉപ്പിന് അമിത വിലയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. പൊതുവിതരണവകുപ്പ് പ്രിന്‍സില്‍പ്പല്‍ സെക്രട്ടറിയോട് പ്രശ്‌ന പരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുകഴിഞ്ഞു. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവെയ്‌പ്പിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അഖിലേഷ് ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രി വൈകിയും, ലക്‌നൗവിലും മറ്റുമുള്ള വന്‍കിട മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ഉപ്പും പഞ്ചസാരയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ദില്ലിയിലും ഉപ്പ്, പഞ്ചസാര പൂഴ്‌ത്തിവെയ്‌പ്പ് വ്യാപകമാകുന്നുണ്ടെന്നാണ് സൂചന.

click me!