കോണ്‍ഗ്രസില്‍ രാഹുലിനെതിരെ കലാപമുയര്‍ന്നേക്കും

By Web DeskFirst Published Mar 11, 2017, 11:49 AM IST
Highlights

ദില്ലി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനേറ്റ കനത്ത പരാജയമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം.പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെതിരെ കലാപമുയരാന്‍ ഫലം ഇടയാക്കും. 2004ല്‍ രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് വന്‍ ലോട്ടറിയാണ്.ബിജെപി വിരുദ്ധ തരംഗത്തില്‍ അന്ന് പാര്‍ട്ടി അധികാരത്തിലെത്തി. ഭാവി നേതാവായി കോണ്‍ഗ്രസ് അന്ന് തന്നെ ഉയര്‍ത്തികാട്ടിയ രാഹുല്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായത് 2009ന് ശേഷം മാത്രമാണ്. എന്നാല്‍ അന്നു മുതല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണ്.

2014ല്‍ നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു രാഹുല്‍. ഇന്ത്യയിലെ യുവാക്കള്‍ രാഹുലിന് ഒപ്പമല്ല മോദിക്കൊപ്പമാണ് നിന്നത്. അന്ന് പരാജയപ്പെട്ട രാഹുലിന് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ഒരവസരവും കൂടി നഷ്‌ടപ്പെടുന്നു. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ആദ്യം മുന്നോട്ടു പോയ രാഹുല്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് നിലപാട് മാറ്റി. അഖിലേഷ് യാദവിനൊപ്പം ചേര്‍ന്നു. ഈ സ്ഥിരതയില്ലായ്മ രാഹുലിനെ പാര്‍ട്ടിയിലും അപ്രിയനാക്കുന്നു. അവസരം നോക്കിയിരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെതിരെ യോജിക്കും.

പാര്‍ട്ടി യുപിയിില്‍ വിജയിക്കും എന്നു പ്രതീക്ഷയില്‍ രാഹുല്‍ ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറാവുമെന്ന സൂചനയുണ്ടായിരുന്നു. എഐസിസി ഓഫീസ് പെയിന്റടിച്ച് നന്നാക്കാനും തുടങ്ങിയിരുന്നു. ഈ വന്‍ പരാജയത്തിനു ശേഷം എന്തു നടക്കുമെന്ന് ഇനി കണ്ടറിയണം.പഞ്ചാബില്‍ അമരീന്ദര്‍സിംഗ് പാര്‍ട്ടിവിടും എന്ന് ഭീഷണി മുഴക്കിയശേഷം മാത്രമാണ് രാഹുല്‍ തെരഞ്ഞെടുപ്പിന്റെ നേതൃത്വം അദ്ദേഹത്തിന് നല്‍കിയത്. അതിനാല്‍ പഞ്ചാബിലെ വിജയം അമരീന്ദര്‍ സിംഗിന്റെ വിജയമായി. ദേശീയതലത്തില്‍ മോദി വിരുദ്ധ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശേഷിയും രാഹുലിന് ഇല്ലാതാകുന്നു.

ഈ തെരഞ്ഞെടുപ്പോടെ അഖിലേഷ് യാദവും അരവിന്ദ് കെജ്രിവാളും 2019ലെ പ്രതിപക്ഷ മുഖങ്ങളാകും എന്ന വിലയിരുത്തലിനും അടിസ്ഥാനമില്ലാതായി. നോട്ട് അസാധുവാക്കലിന്റെ സമയത്ത് തന്ത്രപരമായ നിലപാടെടുത്ത നിതീഷ് കുമാറിനെ പോലുള്ള നേതാവിലേക്ക് വീണ്ടും ശ്രദ്ധ തിരിയാം. ഒന്നിച്ചു നിന്നിരുന്നെങ്കില്‍ മായാവതിക്കും അഖിലേഷ് യാദവിനും നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് വോട്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അത്തരം പരീക്ഷണത്തിന് പ്രതിപക്ഷത്തെ മോദിയുടെ ഈ അപ്രമാദിത്വം പ്രേരിപ്പിക്കാം. എന്നാല്‍ അതിന്റെ നേതൃത്വം രാഹുലിന് നല്‍കാന്‍ പ്രാദേശിക കക്ഷികള്‍ പുതിയ സാഹചര്യത്തില്‍ തയ്യാറാവില്ല.

click me!