വേദാന്ത ഖനന കമ്പനിയ്ക്കെതിരെ സമരം ചെയ്തു; പരിസ്ഥിതി പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

By Web DeskFirst Published Aug 2, 2016, 2:47 AM IST
Highlights

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വേദാന്ത ഖനന കമ്പനിയ്ക്കെതിരെ സമരം ചെയ്യുന്നതിനിടെ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ പീയുഷ് മാനുഷിന്‍റെ ആരോഗ്യനില വഷളായതായി കുടുംബം. കസ്റ്റഡിയിൽ വെച്ച് മർദ്ദനമേറ്റ പീയൂഷിന്‍റെ ആന്തരിക അവയവങ്ങൾക്കേറ്റ പരിക്ക് ഗുരുതരമായതായി പീയുഷിന്‍റെ ഭാര്യ മോണിക്കാ സേഥിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനു കാരണക്കാരായ ജയിൽവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം തമിഴ്നാട് ആഭ്യന്തരസെക്രട്ടറിയെ കണ്ടു.

കഴിഞ്ഞ മാസം എട്ടിന് തമിഴ്നാട്ടിലെ സേലത്തുള്ള മുൽവാടിയിൽ തണ്ണീർത്തടങ്ങൾ നികത്തി മേൽപ്പാലം പണിയുന്നതിനെതിരെ സമരം ചെയ്യവേയാണ് പരിസ്ഥിതി പ്രവർത്തകൻ പീയുഷ് മാനുഷ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയ പീയുഷിന് സേലം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് സേലം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ച പീയുഷിനെ ജയിൽ സൂപ്രണ്ട് സെന്തിൽ കുമാറിന്‍റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് ഭാര്യ മോണിക്ക സേഥിയ ആരോപിച്ചു.

സേലത്തുള്ള മൂകനേരി, അമ്മപ്പേട്ടൈ, കുണ്ടുക്കൽ, പള്ളപ്പട്ടി എന്നീ പ്രദേശങ്ങളിലെ നീ‍ർത്തടങ്ങൾ സംരക്ഷിയ്ക്കുകയും ജലസംരക്ഷണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്ന പീയുഷ് മാനുഷിന്‍റെ സംഘടന സ്ഥലത്ത് ബോക്സൈറ്റ് ഖനനം നടത്തിയിരുന്ന വേദാന്ത ഗ്രൂപ്പിനെതിരെ സമരം ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരനടപടിയെന്നോണമാണ് പീയൂഷിനെ ജയിൽ വകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതെന്ന് കുടുംബം ആരോപിയ്ക്കുന്നു. ആരോഗ്യനില വഷളായതിനാൽ പീയൂഷിനെ ചെന്നൈയിലെത്തിച്ച് ചികിത്സ തേടാൻ അനുവദിയ്ക്കണമെന്നും കുടുംബം ആഭ്യന്തരവകുപ്പിന് അപേക്ഷ നൽകി.
 

click me!