ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി  സിബി മാത്യൂസ്

By Web DeskFirst Published Jun 2, 2017, 10:24 AM IST
Highlights

മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ വിശ്വസ്തനും അന്ന് ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവ സംശയത്തിന്റെ നിഴലിലായ കാലത്ത് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി സിബി മാത്യൂസ് പറയുന്നു. ഉടന്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറിയം റഷീദ അടക്കമുള്ളവരുമായി മദ്രാസിലെ ഹോട്ടലില്‍വെച്ച് നടന്നുവെന്ന് പറയുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്ന് വിവരം ലഭിച്ച ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നയാള്‍ രമണ്‍ ശ്രീവാസ്തവ എന്നാണ് ഐബി വിശ്വസിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഐബി ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ തെളിവ് ഉണ്ടായിരുന്നില്ലെന്ന് ആത്മകഥയില്‍ പറയുന്നു. 

ശ്രീവാസ്തവക്കെതിരെ തെളിവില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ ഐബിയിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരും മലയാളികളായ മാത്യു ജോണും ആര്‍ബി ശ്രീകുമാറും അറസ്റ്റിനായി കടും പിടുത്തം പിടിച്ചതായി സിബി മാത്യൂസ് എഴുതുന്നു. എന്തിനായിരുന്നു ഐബിയുടെ നിര്‍ബന്ധം എന്നറിയില്ല. തെളിവ് ചോദിച്ചപ്പോള്‍ ചാരവൃത്തിയില്‍ തെളിവൊന്നും വേണ്ടെന്നായിരുന്നു ഐബി നിലപാട്.  പൊലീസ് ആസ്ഥാനത്തെ കൂടിക്കാഴ്ചയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ താനാണ് സിബിഐ അന്വേഷണമാകാമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സിബി മാത്യൂസ് പറയുന്നു. 

ശ്രീവാസ്തവ നിരപരാധിയാണെന്നാണ്  വിശ്വസിക്കുന്നത്. പക്ഷെ തന്റെ അന്വേഷണം ശ്രീവാസ്തവക്കെതിരാണെന്ന് പൊലീസിലെ പലരും കരുതി.ചാരക്കേസില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ലീഡറെ കുറിച്ചുള്ള പരാമര്‍ശം ഇങ്ങിനെ: 'എ ഗ്രൂപ്പിന് അധികാരം നേടാന്‍  ബിഷപ്പുമാരുടെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ചാരക്കേസ് എന്ന് സമൂഹത്തില്‍ കുറേപ്പേരെങ്കിലും ഇന്നും വിശ്വസിക്കുന്നുണ്ടാവും. ആരോപണങ്ങള്‍ക്ക് ഉയര്‍ത്തുന്നവര്‍ക്ക് തെളിയിക്കേണ്ട ബാധ്യതയില്ലാത്ത രാജ്യമാണല്ലോ ഇന്ത്യ'.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ശരിക്കും ചാരവൃത്തി നടന്നോ എന്ന ആത്മകഥയിലും നേരിട്ടും ഇപ്പോള്‍ പറയാനാകില്ലെന്നാണ് സിബി മാത്യൂസിന്റെ നിലപാട്. സൂര്യനെല്ലി, കരിക്കിന്‍വില്ല കൊലപാതകം, ജോളിവധം, പോളക്കുളം കേസ് അടക്കം കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ അന്വേഷണത്തെക്കുറിച്ചും സിബി മാത്യൂസ് പുസ്തകത്തില്‍ പറയുന്നുണ്ട്.
 

click me!