ജിദ്ദയില്‍ സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും

By Web DeskFirst Published Nov 27, 2017, 1:15 AM IST
Highlights

ജിദ്ദ;സൗദ്ദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ജിദ്ദയില്‍ രംഭിക്കും. നാല് ഡിവിഷനുകളിലായി 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 

ടൂര്‍ണമെന്റിന്റെ ഫിക്ച്ചറിന്റെയും, ലോഗോയുടെയും പ്രകാശനം വര്‍ണാഭമായ ചടങ്ങില്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് മുഖ്യാതിഥി ആയിരുന്നു. സാമൂഹിക, വ്യവസായ, കായിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഏതാണ്ട് നാല് മാസം നീണ്ടു നില്‍ക്കും. നാല് ഡിവിഷനുകളിലായി സൗദിയിലെ മുപ്പത്തിരണ്ട് ഇന്ത്യന്‍ ടീമുകള്‍ മാറ്റുരയ്ക്കും.  

അന്താരാഷ്ട്ര ദേശീയ ഫുട്ബാള്‍ മത്സരങ്ങളില്‍ കളിച്ച താരങ്ങള്‍ വിവിധ ടീമുകളില്‍ അണി നിരക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രമുഖ ഗായകരും അവതരിപ്പിച്ച സംഗീത വിരുന്നു ശ്രദ്ധേയമായി.

സിഫിന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ വളര്‍ച്ചയിലൂടെ കടന്നു പോകുന്ന ഡോക്യുമെന്ററി പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. സിഫ് പ്രസിഡന്റ് ബേബി നാലാംബ്ര അധ്യക്ഷനായിരുന്നു. സൗദി മലയാളികളുടെ ഏറ്റവും വലിയ കായിക മേളയാണ് സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ്. 

ആയിരത്തിലധികം കളിക്കാരാണ് വിവിധ ടീമുകളിലായി സിഫില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ക്ലബ്ബുകള്‍ക്ക് കീഴില്‍  ജിദ്ദയില്‍ ഫുട്‌ബോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന മലയാളീ വിദ്യാര്‍ഥികളും ടൂര്‍ണമെന്റിന്റെ  ജൂനിയര്‍ ഡിവിഷനില്‍ കളിക്കാന്‍ ഇറങ്ങും.

 

click me!