
വയനാട്: പൂച്ചെടിയെങ്കിലും കര്‍ഷകര്‍ക്ക് ശത്രുവാണ് സിംഗപ്പൂര്‍ ഡെയ്‌സി. സ്ഫാഗ്‌നെറ്റിക്കോല ട്രിലോബാറ്റ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി വയനാട്ടിലെ കര്‍ഷകര്‍ക്ക് ചില്ലറ പണിയൊന്നുമല്ല വരുത്തിവെച്ചിരിക്കുന്നത്. കാഴ്ചയില്‍ മനോഹരമെന്ന് തോന്നുമെങ്കിലും സിംഗപ്പൂര്‍ ഡെയ്‌സി കര്‍ഷകരുടെ വില്ലനാണ്. ജില്ലയിലെ മിക്കവാറും എല്ലാ കൃഷിയിടങ്ങളിലും നെല്‍, വാഴ ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് ഭീഷണിയുയര്‍ത്തി മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ഈ കള കര്‍ഷകരെ വലയ്ക്കുകയാണ്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ലോകത്ത് മോശം ചെടികളുടെ കൂട്ടത്തിലാണ് സിംഗപ്പൂര്‍ ഡെയ്‌സിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മധ്യ അമേരിക്കയില്‍ മെക്‌സിക്കോയാണ് ഈ കുഞ്ഞുപ്പൂവിന്റെ ജന്മദേശം. എന്നാല്‍, ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഇത് പടര്‍ന്നുകയറിയിട്ടുണ്ട്. പൂന്തോട്ടങ്ങളില്‍ മുമ്പൊക്കെ സിംഗപ്പൂര്‍ ഡെയ്‌സി നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് മറ്റിടങ്ങളിലേക്ക് കൂടി പടര്‍ന്ന് പന്തലിക്കുന്നത് വലിയ ശല്യമായതോടെ ഇതിനെ പൂന്തോട്ടങ്ങളില്‍ നിന്ന് ആളുകള്‍ വേരോടെ പിഴുതെറിയുകയായിരുന്നു. ചെടിയുടെ ചെറിയൊരു ഭാഗം പോലും അല്‍പം നനവുള്ള പ്രദേശത്ത് കുറച്ചുദിവസം കിടക്കാന്‍ ഇടയായാല്‍ ഈ ചെടി വളര്‍ന്ന് പടരും. മണ്ണിലേക്ക് സൂര്യപ്രകാശം എത്താത്ത വിധത്തില്‍ തഴച്ചുവളരുന്ന സിംഗപ്പൂര്‍ ഡെയ്‌സി വിളകളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
കേരളത്തില്‍ മുഴുവന്‍ ഈ വള്ളിച്ചെടി വ്യാപകമാണിപ്പോള്‍. കൃഷിയിടങ്ങള്‍ക്കു പുറമെ റോഡരികിലും ഒഴിഞ്ഞ ഇടങ്ങളിലും പുഴക്കരയിലുമൊക്കെ മഞ്ഞപ്പൂവുമായി ഇവ വളര്‍ന്ന് കാടായിട്ടുണ്ട്. 30 സെന്റിമീറ്റര്‍ വരെ വളരുന്ന ഈ ചെടികള്‍ വെട്ടി മാറ്റിയാലും ഉടന്‍ കിളിര്‍ത്തുവരും. നല്ല ഫലഭൂവിഷ്ട നിറഞ്ഞ മണ്ണുള്ള വയനാട്ടില്‍ വിളകളേക്കാളും വേഗത്തില്‍ ഇവ വളര്‍ന്ന് പന്തലിക്കുന്നതാണ് കര്‍ഷകരുടെ പ്രധാന തലവേദനകളിലൊന്ന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam