
ടോക്കിയോ: വടകയ്ക്ക് ഒരു അച്ഛന് എന്ന് കേട്ടിട്ടുണ്ടോ. അത്യപൂര്‍വ്വമായ ഒരു കഥയാണ് ജപ്പാനില്‍ നിന്നും വരുന്നത്. അസാകോ എന്ന യുവതിയും അവരുടെ മകള്‍ മെഗുമിയുമാണ് ഈ സംഭവത്തിലെ വ്യക്തികള്‍. മെഗുമി ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ അസാകോയെ ഭര്‍ത്താവ് ഉപേക്ഷിച്ചു.നാളുകൾ പിന്നിട്ടപ്പോൾ തന്റെ അച്ഛൻ എവിടെയാണെന്ന് മെഗുമി അസാകോയോട് ചോദിക്കുവാൻ ആരംഭിച്ചു. എന്നാല്‍ അതിന് വ്യക്തമായ ഉത്തരം നല്കാന് കഴിയാതെ ആ അമ്മ ഉഴറി.
അച്ഛന്റെ സാമീപ്യം ഇല്ലാതെ വൈകാതെ മെഗുമി വിഷാദാവസ്ഥയിലേക്ക് വീണു. അസാകോയോട് മിണ്ടാതിരിക്കുക, സ്കൂൽ പോകാതിരിക്കുക, അച്ഛനെ കാണാത്തതിന് അസാകോയെ കുറ്റപ്പെടുത്തുക, സ്കൂളിൽ പ്രശ്നമുണ്ടാക്കുക തുടങ്ങിയ മാറ്റങ്ങളായിരുന്നു മെഗുമിയിൽ പ്രകടമായത്. കുട്ടിയുടെ സ്വഭാവത്തിൽ മനംനൊന്ത അസാകോ ഉടൻ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. മകൾ എന്താണോ ആഗ്രഹിക്കുന്നത് അത് നൽകണമെന്ന് അസാകോ അതിയായി ആഗ്രഹിച്ചു.
ഏറെ നാളത്തെ ആലോചനകൾക്കു ശേഷമാണ് വാടകയ്ക്ക് ആളുകളെ വിട്ടുകൊടുക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് അസാകോ അറിയുന്നത്. മകളുടെ അച്ഛനായി അഭിനയിക്കുവാൻ കഴിയുന്ന ഒരാളെ വാടകയ്ക്ക് എടുത്താലോ എന്ന ചിന്ത അസാകോയുടെ മനസിൽ തെളിഞ്ഞു. വളരെയുറച്ച തീരുമാനം സ്വീകരിച്ച അസാകോ, അതുമായി മുമ്പോട്ടു പോകുവാനും തയാറായി. ഇത്തരത്തിൽ ആളുകളെ വാടകയ്ക്കു നൽകുന്ന സ്ഥാപനത്തിലെത്തിയ അസാകോ തന്റെ മകളുടെ അച്ഛനായി അഭിനിയിക്കുവാൻ അഞ്ചു പേരിൽ നിന്നും തകാഷി എന്നയാളെ തെരഞ്ഞെടുത്തു.
ആളുകളെ വാടകയ്ക്കു നൽകുന്ന ഒരു സ്ഥാപനത്തിന്റെ മേധാവി കൂടിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് ബോയ് ഫ്രണ്ട്, ബിസിനസ് മാൻ, സുഹൃത്ത്, അച്ഛൻ, വരൻ തുടങ്ങിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളയാളാണ് തകാഷി. ഇത്രെയും കാലം എന്തുകൊണ്ടാണ് താൻ വരാതിരുന്നത് എന്ന് മകളെ ബോധ്യപ്പെടുത്തി മാപ്പ് പറയുക, മകൾ പറയുന്നതെല്ലാം ക്ഷമയോടെ കേൾക്കുക എന്നീ രണ്ട് നിർദ്ദേശങ്ങളാണ് താൻ തകാഷിയോട് പറഞ്ഞതെന്ന് അസാകോ പറഞ്ഞു.
മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത അച്ഛൻ കഴിഞ്ഞ ദിവസം മോളെ കാണണമെന്ന് എന്നോട് ആവശ്യപ്പെട്ടുവെന്ന് അസാകോ മെഗുമിയെ അറിയിച്ചു. ആദ്യം അമ്പരന്ന മെഗുമി തന്നെ കാണാൻ വരുന്ന അച്ഛനെ കാണുവാൻ തയാറായി. കുട്ടിയുടെ അച്ഛന്റെ പേരായ യാമാഡ എന്ന പേര് സ്വീകരിച്ച തകാഷി പിന്നെ മെഗുമിയുടെ അച്ഛനായി മാറുകയായിരുന്നു.
ഇത്രയും കാലം എന്നെ കാണുവാൻ എന്താണ് വരാതിരുന്നതെന്ന് മെഗുമിയുടെ ചോദ്യത്തിനു മുമ്പിൽ താൻ പതറിപ്പോയെന്ന് തകാഷി പറഞ്ഞു. പിന്നീട് മെഗുമിയെയും അസാകോയെയും കാണുവാൻ തകാഷി മാസത്തിൽ രണ്ട് പ്രാവശ്യം എത്തും. തകാഷി മെഗുമിയും അസാകോയുമായി പാർക്കിലും സിനിമയ്ക്കും പോകുകയും ഇരുവരുടെയും പിറന്നാൾ ആഘോഷിക്കുവാൻ എത്തുകയും ചെയ്തു.
ഇതോടെ മെഗുമിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. വളരെ സന്തോഷവതിയായി മെഗുമി കാണപ്പെട്ടു. സ്കൂളിൽ പോകുവാൻ മടി കാണിച്ചിരുന്ന കുട്ടി വളരെ ആവേശത്തോടെയാണ് ഓരോ ദിനവും സ്കൂളിൽ ചിലഴിച്ചത്. അച്ഛനായി അഭിനയിക്കുന്നതിന് ഓരോ മാസവും 90 ഡോളറാണ് അസാകോ തകാഷിക്കു നൽകിയിരുന്നത്. സാമ്പത്തികമായി അസാകോ അൽപ്പം ബുദ്ധിമുട്ടിലായിരുന്നുവെങ്കിലും മകളുടെ സന്തോഷത്തെ ഓർത്ത് ചെലവുകൾ എല്ലാം വെട്ടിക്കുറിച്ച് പണം കണ്ടെത്തുകയായിരുന്നു.
എന്നാൽ മറ്റ് പ്രശ്നങ്ങൾക്ക് ഇത് തുടക്കമിടുകയായിരുന്നു. വർഷങ്ങളായുള്ള പരിചയവും മകൾക്കും തകാഷിക്കുമൊപ്പം വളരെ സന്തോഷം നിറഞ്ഞ നിമിഷം ചെലവഴിച്ച അസാകോയുടെ മനസിൽ തകാഷിയോട് പ്രണയം തോന്നി. ഇതിനെ കുറിച്ച് അസാകോ തകാഷിയോട് തുറന്നു പറഞ്ഞു. എന്നാൽ തകാഷിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞാൻ നിങ്ങളുടെ ജോലിക്കാരൻ മാത്രമാണ്. ഇത്തരത്തിലുള്ള തോന്നലുകൾ ശരിയല്ല. തകാഷി പറഞ്ഞത് സത്യമാണെന്നു മനസിലാക്കിയ അസാകോ അത് ഉൾക്കൊള്ളുകയായിരുന്നു.
ഈ ബന്ധം നടക്കുകയാണെങ്കിൽ മെഗുമി എന്നും സന്തോഷവതിയായിരിക്കുമെന്നതിനാലാണ് താൻ ഇത്തരത്തിൽ ചിന്തിച്ചതെന്ന് അസാകോ പറഞ്ഞു. പണം നൽകി ഒരു പിതാവിനെ വാങ്ങിക്കുന്നത് വളരെ മോശമാണെന്ന് പലരും കരുതിയേക്കാം, എന്നാൽ എന്നെ സംബന്ധിച്ചടുത്തോളം എന്റെ മകളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും വലുത്- അസാകോ പറഞ്ഞു. എന്നെങ്കിലും ഒരു ദിവസം മെഗുമി സത്യമെല്ലാം അറിയുമ്പോൾ അവൾ തന്നെ വെറുക്കില്ലെന്നും മറിച്ച് എന്നും കൂടെ നിന്നതിന് നന്ദി പറയുമെന്ന് ചിന്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും തകാഷി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam