
കൊച്ചി: ഫ്രാങ്കോ മുളക്കലിനെ ജലന്ധർ രൂപത ബിഷപ്പിന്റെ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. എങ്കിലും അറസ്റ്റ് ഉണ്ടാകും വരെ സമരം തുടരും.ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകുമോ എന്ന ആകാംക്ഷയിൽ ആണ് കൊച്ചിയിലെ സമരപ്പന്തൽ.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ നടത്തുന്ന സമരം 13 ദിവസങ്ങൾ പിന്നിടുകയാണ്.ബിഷപ്പിന്റെ ചുമതലകളിൽ നിന്ന് ഫ്രാങ്കോ മുളക്കലിനെ നീക്കിയ തീരുമാനം സന്തോഷത്തോടെ ആണ് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ സ്വീകരിച്ചത് .ഉന്നയിച്ച പ്രശ്നങ്ങളിൽ വത്തിക്കാൻ ഇടപെടുന്നതിൽ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സ്റ്റീഫൻ മാത്യുവും അലോഷ്യ ജോസെഫും ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്. സാമൂഹ്യ പ്രവർത്തക പി ഗീത നാലാം ദിവസവും നിരാഹാരത്തിലാണ്.ഇത്രയേറെ ജനപിന്തുണ ഉണ്ടായിട്ടും പ്രതിപക്ഷം സമരപ്പന്തലിലേക്ക് എത്താത്തത് സഭയെ ഭയന്നാണെന്നു സമരസമിതി ആരോപിച്ചു. സമരസമിതിയുടെ ആരോപണത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടിയും രംഗത്തു എത്തി. അന്വേഷണം നല്ല നിലയിൽ നടക്കുകയാണ് എന്നു ഹൈക്കോടതി തന്നെ പറഞ്ഞതിനാൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
അന്വേഷണസംഘത്തിനെതിരെയും സമരസമിതി രംഗത്തെത്തി. ലൈംഗിക പീഡന കേസിൽ പരാതി നൽകി രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുന്നമെന്ന ക്രിമിനൽ ലോ ഭേദഗതി ആക്റ്റ് 2018ലെ സെക്ഷൻ 14 അട്ടിമറിക്കപ്പെട്ടുവെന്ന് സമരസമിതി ആരോപിച്ചു. ഇതിനെതിരെ കോടതിയിൽ പോകാൻ ആണ് തീരുമാനം .കിളിരൂർ കേസിലെ ശാരിയുടെ അച്ഛൻ ,മാനന്തവാടി രൂപത അംഗം സിസ്റ്റർ ലൂസി കളപ്പുര,കെ .കെ രമ കെ .എം ഷാജഹാൻ തുടങ്ങിയവർ ഇന്ന് സമരപ്പന്തലിൽ പിന്തുണയുമായെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam