പി കെ ശശിക്ക് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കരുതെന്ന് സീതാറാം യച്ചൂരി

By Web TeamFirst Published Dec 16, 2018, 10:17 PM IST
Highlights

സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍, പെരുമാറ്റം തൃപ്തികരമെങ്കില്‍ ശശിക്ക് പ്രാഥമിക അംഗത്വം മാത്രമേ നല്‍കാവൂ. ശശിയെ ജില്ലാ സെക്രട്ടറി പദത്തിലേക്ക് തിരിച്ചുകൊണ്ടു വരരുതെന്ന് നിർദ്ദേശിച്ച്  യച്ചൂരി.

ദില്ലി: ലൈംഗിക പീഡ‍ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷനിലായ ഷൊർണ്ണൂർ എംഎൽഎ പി കെ ശശിക്ക് തിരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കരുതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.  കേന്ദ്ര കമ്മിറ്റിയിലാണ് യച്ചൂരി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍ അച്ചടക്ക നടപടി നേരിട്ട കാലത്തെ പെരുമാറ്റം തൃപ്തികരമെങ്കില്‍ ശശിക്ക് പ്രാഥമിക അംഗത്വം മാത്രമേ നല്‍കാവൂ. ശശിയെ ജില്ലാ  സെക്രട്ടേറിയറ്റിലേക്ക് തിരിച്ച് കൊണ്ടു വരരുതെന്നും യച്ചൂരി നിർദ്ദേശിച്ചു. കേന്ദ്രകമ്മിറ്റിയുടെ അവസാന സെഷനിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച വന്നത്.

സംസ്ഥാന ഘടകം എടുത്ത അച്ചടക്കനടപടി കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എതിര്‍പ്പുകള്‍ ഉയരാതിരുന്നതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. എന്നാല്‍, ശശിയുടെ വിഷയം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തനിക്ക് പരാതി ലഭിച്ച കാര്യം യച്ചൂരി കേന്ദ്ര കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

ഒരാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താല്‍ പ്രാഥമിക അംഗത്വവും പോകും. സസ്പെന്‍ഷന്‍ കഴിയുമ്പോള്‍ ശശിയെ ഇതോടെ പ്രാഥമിക അംഗത്വത്തിലേക്ക് മാത്രമേ എടുക്കാന്‍ സാധിക്കൂ. ഇനി എന്തെങ്കിലും സ്ഥാനം നല്‍കണമെന്നുണ്ടെങ്കില്‍ അത് സമ്മേളനങ്ങളിലുണ്ടാവണം.

അത് സമ്മേളനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും യച്ചൂരി നിര്‍ദേശിച്ചു. നേരത്തെ, കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തില്‍  താല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവെക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതി കേന്ദ്രകമ്മിറ്റിയില്‍ നേരത്തെ വെച്ചിരുന്നു. നടപടി പുന:പരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയർന്നില്ല. ഇതോടെ ശശിക്കെതിരായ നടപടിയില്‍ പുന:പരിശോധനയില്ല. ശശിയെ ആറ് മാസം സസ്പെന്‍‌ഡ് ചെയ്ത നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരിവെച്ചത്. 

click me!