
കാസര്‍കോട്: പാര്‍ട്ടി ഊരുവിലക്ക് കല്‍പ്പിച്ച റി.സബ്ബ് ഇന്‍സ്പെക്റ്റര്‍ക്ക് സ്വന്തം കൃഷി ഭൂമിയിലും ഇറങ്ങാന്‍ പറ്റുന്നില്ല. വധഭീഷണി നേരിടുന്ന ഈ ഉദ്യോഗസ്ഥന് ഒടുവില്‍ പോലീസ് സുരക്ഷ. കാസര്‍കോട് മടിക്കൈ ശാസ്താംകാവില്‍ സി.ബാലകൃഷ്ണനാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നല്‍കിയിരിക്കുന്നത്.
33 വര്‍ഷം കേരള പോലീസില്‍ സേവനം ചെയ്ത് സബ്ബ് ഇന്‍സ്പെക്റ്ററായി വിരമിച്ചയാളാണ് ബാലകൃഷ്ണന്‍. പോലീസില്‍ നിന്നും പിരിഞ്ഞ ശേഷം കൃഷിയിലേക്ക് തിരിഞ്ഞ ബാലകൃഷ്ണന്‍ നാട്ടില്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ മടിക്കൈയില്‍ ബാലകൃഷ്ണന് പാര്‍ട്ടി ഊരുവിലക്ക് കല്പിച്ചു.
പാര്‍ട്ടി അനുഭാവി കൂടിയായ ബാലകൃഷണന്‍ എസ്.എന്‍.ഡി.പി പോലുള്ള ജാതി സംഘടന വളര്‍ത്തിയാല്‍ പാര്‍ട്ടിക്കത് ദോഷമായി ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നേതാക്കള്‍ ബാലകൃഷ്ണനോട് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്കാരെ വകവെക്കാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങിയ ബാലകൃഷ്ണനെയും കുടുംബത്തെയും വീട്ടില്‍ കയറി സി.പി.എം.പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
2010 ഏപ്രില്‍ മാസം 27-നാണ് ബാലകൃഷ്ണനും കുടുംബവും ആദ്യമായി പാര്‍ട്ടിക്കാരുടെ ക്രൂരമായ ആക്രമണത്തിനിരയായത്. 27 ന് വൈകുന്നേരം നാലരയോടെ അന്നത്തെ മടിക്കൈ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് എന്‍.രാജന്‍ ഉള്‍പ്പടെയുള്ള ഒരു സംഘം സി.പി.എം.പ്രവര്‍ത്തകര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ കയറുകയും ഭാര്യയെയും മൂന്നു മക്കളെയും മൃഗീയമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റിട്ടും നിസാര വകുപ്പുകള്‍ ചുമത്തിയാണ് പോലിസിനെ കൊണ്ട് പാര്‍ട്ടി നേതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്. ഈ സംഭവവുമായി ബന്ധപെട്ട് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പോലും മാറ്റംവരുത്തി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ കൂട്ടുനിന്ന അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും താന്‍ നിയമപോരാട്ടം നടത്തിവരികയാണെന്നും ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
പാര്‍ട്ടിയുടെ വധഭീഷണി ഉണ്ടെന്ന കണ്ടെത്തലില്‍ 2013 ല്‍ അന്നത്തെ ഡി.ജി.പി. ബാലകൃഷ്ണന് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ബാലകൃഷ്ണന്‍ സംസ്ഥാന പോലീസിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു ഈ ഉത്തരവ്. നിവേദനം സംബന്ധിച്ച് ജില്ലാ പോലിസ് മേധാവി നല്‍കിയ അന്വേഷണത്തില്‍ ബാലകൃഷ്ണന് വധഭീഷണി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും ബാലകൃഷ്ണന് പോലീസ് സംരക്ഷണം ലഭിക്കാതെ വന്നപ്പോള്‍ അന്നത്തെ ഉത്തരവുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പഴയ എസ്.ഐക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ കാസര്‍കോട് എആര്‍ ക്യാമ്പിലെ ഒരു പോലീസുകാരനെ ബാലകൃഷ്ണന്റെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്.
എന്നാല്‍ 2010 ല്‍ ബാലകൃഷ്ണനുമായി എസ്എന്‍ഡിപി യോഗം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പോലീസ് കേസ് മാത്രമേ നിലവിലുള്ളൂവെന്നും അല്ലാതെ ഊരുവിലക്ക് പോലുള്ള നടപടികള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam