
കോഴിക്കോട്: സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയ വ്യാജഹര്‍ത്താല്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയവരെ തേടി പോലീസ്. മലബാറില്‍ മാത്രം ആയിരത്തിലേറെ പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ സ്വകാര്യ സ്ഥാപനങ്ങളും തകര്‍ത്തതിനും ഗതാഗതം തടസപ്പെടുത്തിയതിനും പോലീസുദ്യോഗസ്ഥരെ ആക്രമിച്ചതിനുമെല്ലാം വെവേറെ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പലരും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും റിമാന്‍ഡ് തടവിലാണ്. പ്രതികളിലേറെ പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. വയനാട് ജില്ലയില്‍ 764 പേര്‍ക്കെതിരെയും കോഴിക്കോട് 200 പേര്‍ക്കെതിരെയും മലപ്പുറത്ത് 262 പേര്‍ക്കെതിരെയും പോലീസ് ഇതുവരെ കേസെടുത്തിട്ടുണ്ട്.
വ്യാജഹര്‍ത്താലിന് ആഹ്വാനം ചെയ്തവരേയും അക്രമങ്ങളില്‍ പങ്കെടുത്തവരേയും തേടി ക്രൈംബ്രാഞ്ചും പോലീസിന്‍റെ ഹൈ ടെക്ക് സെല്ലും അന്വേഷണം തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ പോലീസ് നിരീക്ഷണത്തിലുള്ള ചില വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരോട് ഇന്ന് വിവിധ സ്റ്റേഷനുകളില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ത്താലിന് വാഹനങ്ങള്‍ തടയണമെന്നും കടകള്‍ അടപ്പിക്കണമെന്നും ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാരേയാണ് പോലീസ് വിളിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ ഷെയര്‍ ചെയ്ത ആള്‍ക്കൊപ്പം ഗ്രൂപ്പും അഡ്മിനും തുല്യഉത്തരവാദിത്തമുണ്ടെന്നാണ് ഐടി നിയമം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam