വ്യക്തിപരമായ മികവ് കണ്ടു ഭയന്ന് അദ്ദേഹത്തെ ഇടതുപക്ഷം ദ്രോഹിച്ചുവെന്നും എല്‍ഡിഎഫ് കൺവെൻഷനിൽ വലിയ രീതിയിലുള്ള ആക്രമണം മുകുന്ദന് നേരെ ഉണ്ടായി എന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂർ: സി സി മുകുന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകുന്ദൻ ഓക്കേ അല്ലേ എന്ന് ചോദിച്ച സുരേഷ് ഗോപി മുകുന്ദൻ ബിജെപിക്ക് കിട്ടിയ മുത്താണെന്നും കൂട്ടിച്ചേര്‍ത്തു. മുകുന്ദനെ തങ്ങൾക്ക് കിട്ടിയതാണ്, നേടിയതല്ല. മുകുന്ദന്റെ കുടുംബത്തെ പോലും ഇടതുപക്ഷം ആക്രമിക്കുന്നു. വ്യക്തിപരമായ മികവ് കണ്ടു ഭയന്ന് അദ്ദേഹത്തെ ഇടതുപക്ഷം ദ്രോഹിച്ചുവെന്നും എല്‍ഡിഎഫ് കൺവെൻഷനിൽ വലിയ രീതിയിലുള്ള ആക്രമണം മുകുന്ദന് നേരെ ഉണ്ടായി എന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിലേക്ക് വരെ രാഷ്ട്രീയം കയറുന്നു. അത്ര അഹന്തയുള്ള പാർട്ടിയെ കീഴ്പ്പെടുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

പാർട്ടി തീരുമാനം ലംഘിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നാട്ടിക എംഎൽഎ ആയിരുന്ന സിസി മുകുന്ദനെ സിപിഐയിൽ നിന്നും പുറത്താക്കുന്നത്. തുടര്‍ന്ന് സിസി മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും ആയിരുന്നു സിസി മുകുന്ദന്‍റെ പ്രതികരണം.