കായംകുളം എന്‍ റ്റി പി സിയില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം

By web deskFirst Published Jan 1, 2018, 12:09 AM IST
Highlights

ആലപ്പുഴ: നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന കായംകുളം താപവൈദ്യുത നിലയം ഇനി സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിലേക്കും. 15 മെഗാവാട് വൈദ്യുതി നിലവില്‍ നിലയത്തില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. 75 മെഗാവാട്‌സ് വൈദ്യുതി ഉത്പാദിപ്പിച്ച് വിപണനം നടത്താനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. 

പ്ലാന്റിനുള്ളിലെ തടാകത്തില്‍ പ്ലോട്ടിങ്ങ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് ഉത്പാദനത്തിന് ഒരുങ്ങുന്നത്. സോളാര്‍ വൈദ്യുതി വില്‍ക്കുന്നതിനുളള ടെന്‍ഡറുകള്‍ ജനുവരി ഒന്‍പതിന് തുറക്കും. ഹൈഡല്‍ വൈദ്യുതിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സൗരോര്‍ജ്ജ വൈദ്യുതി വില്‍ക്കാന്‍ കഴിയും. കഴിഞ്ഞ പതിനാറ് മാസമായി താപനിലയത്തില്‍ വൈദ്യുതി ഉത്പാദനം നടക്കുന്നില്ല.  നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നിന്നും വൈദ്യുതി വാങ്ങാത്തതാണ് താപനിലയത്തിലെ ഉത്പാദനം നിലയ്ക്കാന്‍ കാരണം. 

കഴിഞ്ഞ 16 മാസത്തിനിടെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 150 മെഗാവാട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. പുതിയ പദ്ധതിയനുസരിച്ച്  കുറഞ്ഞ വിലയില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിച്ച് വില്‍പന നടത്താമെന്നത് താപനിലയത്തിന്റെ നാഴിക കല്ലുകളില്‍ ഒന്നായിരിക്കുമെന്ന  വിലയിരുത്തലിലാണ് അധികൃതര്‍. വൈദ്യുതി ഉത്പാദനത്തിന് പുറമെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളിലും താപനിലയം ഏറെ മുന്നിലാണ്. 

തീരപ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് ക്യാഷ് അവാര്‍ഡ്, സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക് വിതരണം, നേത്ര ക്യാമ്പുകള്‍, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പുകള്‍, ഗ്രാമീണ കായിക മേളകള്‍, ഗ്രാമീണ യുവാക്കള്‍ക്കായി തയ്യല്‍ മെഷീന്‍, തയ്യല്‍ പരിശീലനം, െ്രെഡവിങ് പരിശീലനം, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ശൗചാലയ നിര്‍മ്മാണം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ക്കായി  മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, പള്ളിപ്പാട് കല്ലുകം സ്‌കൂളിന് കെട്ടിടം,  ചിങ്ങോലിയില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങി നിരവധി പദ്ധതികളുമായാണ് എന്‍ടിപിസി സാമൂഹ്യ ക്ഷേമ രംഗത്തുള്ളത്. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ അച്ചന്‍കോവിലാറിന് കുറുകെ നിര്‍മ്മിക്കാനിരുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പദ്ധതി ഉപേക്ഷിച്ചു.
 

click me!