
ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊന്നു. കല്ലുമല പുതുച്ചിറ സ്വദേശി 69 കാരി കനകമ്മ സോമരാജനാആണ് കൊല്ലപ്പെട്ടത് ഏക മകൻ കൃഷ്ണദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ സോമരാജൻ. കായംകുളത്ത് മകൻ അച്ഛനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയും അമ്മയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തതിന്‍റെ ഞെട്ടൽ മാറും മുൻപാണ് മാവേലിക്കരയിൽ നിന്ന് ഏക മകൻ- അമ്മയെ മർദിച്ചുകൊന്ന വാർത്ത.
ഭർത്താവ് സോമരാജൻ മരിച്ചശേഷം കനകമ്മയും ഏക മകൻ 39 കാരനായ കൃഷ്ണദാസുമാണ് വീട്ടിൽ താമസം. ഇലക്ട്രീഷ്യനായ കൃഷ്ണദാസ് വിവാഹമോചിതനാണ്. വിവാഹ മോചനത്തിന് ശേഷം സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ ഡീ അഡിക്ഷൻ സെന്ററിലായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് തിരികെ വീട്ടിലെത്തിയത്. ശേഷം അമ്മയെ പതിവായി മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പ്രേമവിവാഹം അമ്മ അംഗീകരിക്കാതെ ഇരുന്നതും ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയെന്ന് ആരോപിച്ചുമായിരുന്നു മർദനം.
ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിലും ഇയാൾ 69 കാരിയായ അമ്മയെ മർദിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മാവേലിക്കര പൊലീസിൽ നിരവധി പരാതികൾ ഉണ്ട്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസം മുതൽ മഠത്തിലേക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു കനകമ്മ. ഇതിനിടെയാണ് മദ്യപിച്ചെത്തിയ കൃഷ്ണ ദാസുമായി പണമിടപാടിനെചൊല്ലി വീണ്ടും തർക്കം ഉണ്ടായത്.
തർക്കത്തിനിടെ ഇയാൾ സ്വന്തം അമ്മയെ ക്രൂരമായി മർദിച്ചു. രാവിലെ അനക്കമൊന്നും കാണാതെ ഇരുന്നതോടെ കൃഷ്ണദാസ് തന്നെയാണ് പൊലീസിൽ വിവരങ്ങൾ വിളിച്ചുപറഞ്ഞത്. മാവേലിക്കര പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കനകമ്മയുടെ മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റിൽ 69 കാരിയുടെ ദേഹത്ത് മർദനമേറ്റതിന്‍റെ ധാരാളം പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കനകമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.