അമ്മയെ ചികിത്സിക്കാനെത്തിയ മകന് വൃക്കരോഗം; സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

By web deskFirst Published Feb 10, 2018, 6:41 PM IST
Highlights

ആലപ്പുഴ: രണ്ട് വര്‍ഷമായി അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയുമായി കാന്‍സര്‍ രോഗിയായ അമ്മയും വൃക്കരോഗിയായ മകനും. കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക് അമ്പിയില്‍ റാഫിയത്തിന്റെ (61), മകന്‍ റാഹിഷ് (32) എന്നിവരാണ് ചികിത്സായ്ക്കായി കനിവ് തേടുന്നത്. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റാഫിയത്തിനെ അര്‍ബുദം പിടികൂടുന്നത്. ഉമ്മയ്ക്ക് രോഗം ബാധിച്ചതറിഞ്ഞ് വിദേശത്ത് ജോലിയുണ്ടായിരുന്ന മകന്‍ റാഹിഷ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. രോഗം ഭേദമാക്കി ഉമ്മയെ ജീവിത്തിലേക്ക് കൊണ്ടുവരികയെന്നത് മാത്രമായിരുന്നു അപ്പോള്‍ റാഹിഷിന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. ആര്‍സിസിയിലെ ചികിത്സകള്‍ക്കായി ആകെയുള്ള ഏഴ് സെന്റ് ഭൂമിയും വീടും സമീപത്തെ സഹകരണ സംഘത്തില്‍ പണയപ്പെടുത്തി. 

ജീവിത പ്രാരാബ്ദം അകറ്റാന്‍ റാഹിഷ് നാട്ടില്‍ ഡ്രൈവറായി ജോലി നോക്കി. റാഫിയത്തുമായി ആശുപത്രികള്‍ കയറിയിറങ്ങുന്നതിനിടെ റാഹിഷിന് ശാരീരിക അസ്വസ്ഥത ഉണ്ടായി. പരിശോധിച്ചപ്പോഴാണ് ഇരുവൃക്കകളും പൂര്‍ണമായി തകര്‍ന്നുവെന്ന വിവരം അറിയുന്നത്. 32 വയസ് മാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ ആശുപത്രിയിലും കിടക്കയിലുമായി ജീവിതം തള്ളി നീക്കുകയാണ്. 

കഴിഞ്ഞ എട്ടുമാസത്തിനിടെ 110 ല്‍ അധികം ഡയാലിസിസുകള്‍ നടത്തി. ആഴ്ച്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയലിസിസിനും മറ്റ് ആശുപത്രി ചിലവുകള്‍ക്കും ഉമ്മയുടെ ചികിത്സകള്‍ക്കുമായി മാസം അറുപതിനായിരത്തോളം രൂപയാണ് ചിലവ്. വൃക്കമാറ്റിവെച്ചാല്‍ റാഹിഷ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉമ്മയുടേയും മകന്റെയും ചികിത്സകള്‍ക്കായി അന്‍പത് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. 

ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ തന്നെ മറ്റുള്ളവരെ ആശ്രയിക്കുന്ന ഈ കുടുംബത്തിന് അമ്പത് ലക്ഷം രൂപ സ്വപ്‌നം കാണാന്‍ പോലും സാധിക്കില്ല. കുഞ്ഞുന്നാളിലെ പിതാവ് ഉപേക്ഷിച്ച് പോയ റാഹിഷിനെ കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചാണ് റാഫിയത്ത് വളര്‍ത്തിയത്. റാഹിഷിന് വിദേശത്ത് ജോലി ലഭിച്ചതോടെ കുടുംബബത്തിന്റെ പ്രാരാബ്ദങ്ങള്‍ അവസാനിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചു. ആ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കവെ പോളിയോ ബാധിതയായ പെണ്‍കുട്ടിയ്ക്ക് ജീവതം നല്‍കാന്‍ നല്ലമനസിന് ഉടമയായ റാഹിഷ് തയാറായി. 

ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു പെണ്‍കുഞ്ഞുമുണ്ട്. സുഖകരമായി ജീവതം മുന്നോട്ടു പോകുന്നതിനിടെയാണ് ജീവതം തകര്‍ത്ത് റാഫിയത്തിനെ അര്‍ബുദ്ദവും റാഹിഷിനെ വൃക്കരോഗവും പിടികൂടന്നത്. റാഹിഷിന് വൃക്കനല്‍കാന്‍ ഒരാള്‍ തയാറാണ്. പക്ഷേ ശസ്ത്രക്രിയക്ക് പണമില്ല. സഹായിക്കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയുള്ള  ബന്ധുക്കളുമില്ല. 

എന്ത് ചെയ്യുമെന്നറിയാതെ കഴിയുകയാണ് ഇപ്പോള്‍ ഈ നിര്‍ദ്ദനകുടുംബം. സുമനസുകള്‍ സഹായിച്ചാല്‍ ജീവതം തിരികെ പിടിക്കാമെന്ന് വിശ്വാസം റാഹിഷിനുണ്ട്. അതിലൂടെ പിഞ്ചു കുഞ്ഞിനും ശാരീരിക വൈകല്യമുള്ള മാതാവിനും കൈതാങ്ങാകുമെന്ന പ്രതീക്ഷയും ഈ ചെറുപ്പക്കാരനുണ്ട്. അര്‍ബുദ്ദത്തിന്റെ മാറാവേദനയിലും റാഫിയത്തും സഹൃദയരോട് ചോദിക്കുന്നു വൃക്കരോഗിയായ മകനെ രക്ഷിക്കാന്‍ ഒരു കൈസഹായം.

click me!