മെറ്റയുടെ റെയ്-ബാൻ എഐ സ്മാർട്ട് ഗ്ലാസുകൾ പകർത്തുന്ന അതീവ സ്വകാര്യ ദൃശ്യങ്ങൾ കെനിയയിലെ ഒരു കമ്പനിയിലെ ജീവനക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. എഐയെ പരിശീലിപ്പിക്കാനായി ഉപയോക്താക്കളുടെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെയുള്ളവയാണ് പരിശോധിക്കപ്പെടുന്നത്.
നെയ്‌റോബി: എഐ സാങ്കേതികവിദ്യയില്‍ പ്രവർത്തിക്കുന്ന സ്‍മാർട്ട് ഗ്ലാസുകള്‍ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാകാമെന്ന ആശങ്കകൾ കടുപ്പിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത്. മെറ്റ പ്ലാറ്റ്ഫോംസ് നിർമ്മിച്ച റെയ്-ബാൻ മെറ്റ എഐ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്‌ത അതീവ സ്വകാര്യ ദൃശ്യങ്ങൾ കെനിയയിലെ നെയ്റോബിയിലുള്ള ഒരു സബ്‌കോണ്‍ട്രാക്റ്റ് കമ്പനിയിലെ തൊഴിലാളികൾ പരിശോധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഒരു സ്വീഡിഷ് പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
റെയ്-ബാൻ മെറ്റ് സ്‌മാര്‍ട്ട് ഗ്ലാസിലെ ദൃശ്യങ്ങള്‍ കെനിയയിലേക്ക് അയക്കപ്പെടുന്നു!
ഈ സ്‌മാര്‍ട്ട് ഗ്ലാസുകള്‍ വോയിസ് കമാൻഡുകൾ ഉപയോഗിച്ച് എഐ അസിസ്റ്റന്‍റിനെ പ്രവർത്തിപ്പിക്കാനും ഫോട്ടോകൾ എടുക്കാനും ചെറു വീഡിയോകൾ റെക്കോർഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് മെറ്റ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ ഗ്ലാസുകൾ പകർത്തുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിനായി മെറ്റ സബ്‌കോൺട്രാക്ടർ കമ്പനിയായ സാമയെ ആശ്രയിക്കുന്നതായി സ്വീഡിഷ് മാധ്യമത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഇടപെടലുകൾ മെച്ചപ്പെടുത്താനാണ് എഐ സിസ്റ്റങ്ങള്‍ക്ക് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. സാമയിലെ ഡാറ്റ അനോട്ടേറ്റർമാർ ചിത്രങ്ങൾക്ക് ലേബൽ ഇടുകയും ഓഡിയോ ട്രാൻസ്‌ക്രൈബ് ചെയ്യുകയും എഐയുടെ മറുപടികൾ വിലയിരുത്തുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയയിൽ ചിലപ്പോൾ അതീവ സ്വകാര്യ ദൃശ്യങ്ങളും പ്രത്യക്ഷപ്പെടുന്നതായി സാമയിലെ ജീവനക്കാര്‍ പറയുന്നു.
“ആളുകൾ കുളിമുറിയിലേക്ക് പോകുന്നതോ വസ്ത്രം മാറുന്നതോ ഒക്കെയാണ് ചില വീഡിയോകളില്‍ കാണുന്നത്. വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതായി ആളുകള്‍ക്ക് അറിയാമെന്ന് ഞാൻ കരുതുന്നില്ല. അറിയാമായിരുന്നെങ്കിൽ അവർ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുമായിരുന്നില്ല”- സ്വീഡിഷ് ദിനപത്രമായ സ്വെൻസ്‍ക ഡാഗ്ബ്ലാഡെറ്റിനോട് (Svenska Dagbladet) സംസാരിച്ച ഒരു തൊഴിലാളി പറഞ്ഞതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ലിവിംഗ് റൂമുകളിൽ നിന്നുള്ളത് മുതൽ നഗ്നദൃശ്യങ്ങൾ വരെയുള്ള പല തരത്തിലുള്ള ഉള്ളടക്കവും മെറ്റയുടെ ഡാറ്റാബേസുകളിൽ കാണപ്പെടുന്നു എന്നാണ് മറ്റൊരു തൊഴിലാളി പറയുന്നത്. ആളുകള്‍ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും ഇതിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കം പരിശോധിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെങ്കിലും സാമ്പത്തിക ആവശ്യകത കാരണം ജോലി തുടരേണ്ടിവരുന്നതായും അവർ പറയുന്നു.
മെറ്റയുടെ സേവന നിബന്ധനകളിൽ, ചില സാഹചര്യങ്ങളിൽ ഉപയോക്താക്കളുടെ എഐ ഇടപെടലുകൾ കമ്പനി സ്വയം അല്ലെങ്കിൽ മനുഷ്യരുടെ സഹായത്തോടെ പരിശോധിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻ ജീവനക്കാരുടെ അഭിപ്രായത്തിൽ അനോട്ടേഷൻ ഡാറ്റയിൽ വരുന്ന മുഖങ്ങൾ സാധാരണയായി സ്വയം ബ്ലർ ചെയ്യപ്പെടും. എന്നാൽ കെനിയയിലെ തൊഴിലാളികൾ പറയുന്നത് ഈ അനോണിമൈസേഷൻ സംവിധാനം എപ്പോഴും ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല എന്നാണ്.
ഈ സ്‍മാർട്ട്‌ഗ്ലാസുകളിലൂടെ നടക്കുന്ന എല്ലാ ഇടപെടലുകളും ആദ്യം മെറ്റയുടെ സർവറുകളിലേക്ക് പോകുകയും പിന്നീട് നൈറോബിയിലെ സാമയിലെ തൊഴിലാളികൾക്ക് അയക്കപ്പെടുകയും ചെയ്യുമെന്ന് സാങ്കേതിക വിശകലന വിദഗ്ധനായ ആകാശ് ഗുപ്‍തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എഴുതി. അവർ വീഡിയോകളിലെ വസ്തുക്കൾ ലേബൽ ചെയ്യുന്നതിലൂടെ എഐ സിസ്റ്റങ്ങൾ പരിശീലിപ്പിക്കപ്പെടാൻ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം സ്വകാര്യത സംരക്ഷണത്തിനായി ഈ എഐ ഗ്ലാസുകളുടെ ഫ്രെയിമിൽ ചെറിയ എൽഇഡി ലൈറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് മെറ്റ പറയുന്നു. എന്നാൽ പലരും അത് ശ്രദ്ധിക്കാറില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഈ കണ്ണടകളിൽ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇത് സ്വകാര്യതാ ആശങ്കകൾ വര്‍ധിപ്പിക്കുകയാണ്.



