തനിക്കെതിരെ ഫത്വ നല്‍കിയ പണ്ഡിതനെ വെട്ടിലാക്കി ഗായകന്‍ സോനു നിഗം

By Web DeskFirst Published Apr 19, 2017, 10:47 AM IST
Highlights

ദില്ലി: ആരാധനാലയങ്ങളിലെ ഉച്ചഭാക്ഷിണികള്‍ക്കെതിരെ പ്രതികരിച്ച സോനു നിഗമിന്റെ തല മുണ്ഡനം ചെയ്യുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മുസ്ലീം പണ്ഡിതനെ വെട്ടിലാക്കി ഗായകന്‍. തലമുണ്ഡനം ചെയ്ത സോനു നിഗം പത്തുലക്ഷം തയ്യാറാക്കിവെക്കാന്‍ മുസ്ലീം പണ്ഡിതനെ വെല്ലുവിളിച്ചു. ഫത്വവയ്‌ക്കെതിരായ പ്രതീകാത്മക പ്രതിഷേധമാണ് തന്റെതെന്ന് സോനു നിഗം പ്രതികരിച്ചു.

മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ട്വീറ്റ് ചെയ്ത സോനുനിഗത്തിനെതിരെ ബംഗാളിലെ ഒരു പുരോഹിതനായിരുന്നു ഫത്വ പുറപ്പെടുവിച്ചത്. ബംഗാളിലെ മൈനോരിറ്റി യുനൈറ്റഡ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ സെയ്യദ് ഷാ അതേഫ് അലി അല്‍ ഖ്വാദരി സോനു നിഗത്തിനെ മൊട്ടയടിപ്പിച്ച് ചെരുപ്പുമാലയണിക്കുന്നവര്‍ക്ക് 10ലക്ഷം ഇനാം നല്‍കുമെന്ന് അറിയിച്ചു.

ഇതിനുമറുപടിയായാണ് സോനു നിഗം തല മുണ്ഡനം ചെയ്തത്. ഫത്വയ്‌ക്കെതിരായ പ്രതീകാത്മക പ്രതിഷേധമാണ് തന്റെതെന്ന് സോനു വ്യക്തമാക്കി. ആലിം എന്ന മുസ്ലിം ബാര്‍ബറാണ് തലമുണ്ഡനം ചെയ്തുതന്നതെന്നും പത്തുലക്ഷം തയ്യാറാക്കിവെച്ചോളു എന്നും പുരോഹിതനെ സോനു വെല്ലുവിളിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതുപോലെ തനിക്കുമുണ്ടെന്ന് വ്യക്തമാക്കിയ സോനു നിഗം, മതത്തിന്റെ പേരില്‍ കാണിക്കുന്ന ഗുണ്ടായിസമാണ് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി എന്ന് ആവര്‍ത്തിച്ചു. ഏതു മതത്തില്‍പെട്ട ആളുകള്‍ ഇങ്ങനെ ഉച്ചഭാഷിണി ഉപയോഗിച്ചാലും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മുസ്ലിം അല്ലാതിരുന്നിട്ടും പുലര്‍ച്ചെ ഉണരുന്നത് ബാങ്കുവിളി കേട്ടാണെന്നും, ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്ന് അവസാനിക്കും എന്നുമായിരുന്നു സോനുനിഗമിന്റെ വിവാദ ട്വീറ്റ്.


 

click me!