ദക്ഷിണ ചൈനാക്കടല്‍: ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈന ഒരുങ്ങുന്നു

By Web DeskFirst Published Aug 6, 2016, 4:09 PM IST
Highlights

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലില്‍ അവകാശവാദം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജി  20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ദക്ഷിണ ചൈനാക്കടല്‍ വിഷയം ഉയര്‍ത്താതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈന ശ്രമിക്കുന്നതായാണ് സൂചനകള്‍. വിഷയത്തില്‍ രാജ്യാന്തര കോടതി ചൈനയ്ക്ക് എതിരായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനായി ഈ മാസം 12 മുതല്‍ മൂന്നു ദിവസം ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദര്‍ശിക്കും. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ ദക്ഷിണ ചൈനാ കടല്‍ വിഷയം ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ട്.

യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്കെതിരാണ്. ജി 20 ഉച്ചകോടിയില്‍ യുഎസിനൊപ്പം മറ്റു രാജ്യങ്ങളും വിഷയം ഉയര്‍ത്തും. ദക്ഷിണ ചൈനാക്കടലിലെ അധികാരം തങ്ങള്‍ക്കാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഈ വാദം അംഗീകരിക്കുന്നില്ല. ചൈനയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഫിലിപ്പീന്‍സ് നല്‍കിയ ഹര്‍ജിയിലാണ് രാജ്യാന്തര കോടതി ചൈനയ്ക്കെതിരെ വിധി പുറപ്പെടുവിച്ചത്.

വിധിയോടുള്ള ഇന്ത്യയുടെ പരാമര്‍ശത്തില്‍ ചൈന സന്തുഷ്ടരല്ല. ഐക്യരാഷ്ട്രസഭയുടെ നിലപാട് ഫലപ്രദമായി നടപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വത്തെ ചൈന എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ -ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

 

click me!