സീറ്റുകളെച്ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ്-എസ്‌പി സഖ്യം നീളുന്നു

By Web DeskFirst Published Jan 19, 2017, 9:21 AM IST
Highlights

ലക്നൗ: സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള തര്‍ക്കം കാരണം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം നീളുന്നു. 48 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ്-എസ്‌പി സഖ്യത്തിന്റെ വിശദാംശം പ്രഖ്യാപിക്കുമെന്ന് ഗുലാംനബി ആസാദ് പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും അന്തിമ തീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസ് 103 സീറ്റും അജിത് സിംഗിന്റെ രാഷ്‌ട്രീയ ലോക്ദള്‍ 30 സീറ്റും ആവശ്യപ്പെടുന്നുണ്ട്.

രണ്ടു പാര്‍ട്ടികള്‍ക്കും കൂടി 110 സീറ്റു നല്‍കാം എന്നാണ് അഖിലേഷിന്റെ നിലപാട്. കോണ്‍ഗ്രസ് ചോദിക്കുന്ന സീറ്റുകള്‍ മുലായം വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. 2014ലെ വോട്ട് ശതമാനം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ്–എസ്‌പി സഖ്യം വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് ബിജെപി വിലയിരുത്തല്‍. മുസഫര്‍നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ച് 2014ലെ ധ്രുവീകരണം നിലനിര്‍ത്താനാണ് ചില പാര്‍ട്ടി നേതാക്കളുടെ ശ്രമം.

അതേസമയം, മറ്റു പാര്‍ട്ടികള്‍ വിട്ടു വരുന്നവര്‍ക്ക് സീറ്റു നല്‍കിയതില്‍ ഉത്തരാഖണ്ടിലും ഉത്തര്‍പ്രദേശിലും ബിജെപിക്കുള്ളില്‍ കടുത്ത ഭിന്നത ദൃശ്യമായി. എസ്‌പിയില്‍ നിന്ന് ബിജെപിയില്‍ എത്തിയ പക്ഷാലിക സിംഗിനു സീറ്റു നല്‍കിയതിനെതിരെ ബിജെപി എംപി ചൗധരി ബാബുലാല്‍ രംഗത്തു വന്നു. രാജ്നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിനെ ഗാസിയാബാദില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും.

click me!