പി ടി തോമസിന്റെ മൊഴിയെടുക്കുന്നത് സ്‌പീക്കറുടെ ഓഫീസ് തടഞ്ഞു

By Web DeskFirst Published Jul 17, 2017, 5:18 PM IST
Highlights

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നത് സ്‌പീക്കറുടെ ഓഫീസ് തടഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെ എം എല്‍ എ ഹോസ്റ്റലിനുള്ളില്‍ വച്ച് മൊഴിയെടുത്തതാണ് അതൃപതിക്ക് കാരണമായത്. പ്രത്യേക അന്വേഷണ സംഘം എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

വടക്കന്‍പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎല്‍എമാരുടെ മൊഴിയെടുക്കാനായി എത്തിയത്. രാവിലെ  എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ചാണ് ആലൂവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.  ദിലീപുമായുള്ള അടുപ്പവും സാമ്പത്തിക ബന്ധങ്ങളുമാണ് അന്വേഷണസംഘം ചോദിച്ചത്.

മൊഴിയെടുക്കല്‍ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് സ്‌പീക്കറുടെ ഓഫീസ് ചീഫ് മാര്‍ഷിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. ക്രിമിനല്‍ ചട്ടപ്രകാരം ഹോസ്റ്റലില്‍ വച്ച് മൊഴി രേഖപ്പെടുത്തതിന് മുമ്പ് സ്പീക്കറുടെ അനുതി തേടിയിട്ടില്ലെന്ന വ്യക്തമായതോടെയാണ് ഓഫീസ് ഇടപെട്ടത്. നിയമസഭയിലെ ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ പരിശോധിക്കാനായി എത്തിയപ്പോള്‍ അന്വേഷണ സംഘം മുകേഷിന്റെ മുറിയിലായിരുന്നു. സുനിലുമായി ബന്ധമുണ്ടെന്നായിരുന്നുവെന്നും പക്ഷെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും മുകേഷ് മൊഴി നല്‍കി. മുകേഷിന്റെ മൊഴിയെടുക്കലിന് ശേഷമാണ് മുന്‍കൂര്‍ അനുതമതി വാങ്ങിയിരുന്നില്ലെന്ന കാര്യം അന്വേഷണ സംഘം സമ്മതിച്ചത്. ഇതേ തുടര്‍ന്ന് പി ടി തോമസ് എം എല്‍ എയുടെ മൊഴി രേഖപ്പെടുത്തുന്നത് സ്പീക്കറുടെ ഓഫീസ് തടഞ്ഞു. നടപടി ക്രമങ്ങള്‍ പാലിച്ച് 21ന് മൊഴി രേഖപ്പെടുത്താനാണ് സമയം അനുവദിച്ചു. സംഭവത്തെ കുറിച്ച് ചീഫ് മാര്‍ഷിനോട് സ്‌പീക്കര്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

click me!