സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയോടെയായിരുന്നു കോടതി നേരത്തെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ, രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസിൽ നിർണ്ണായക തീരുമാനം എടുക്കുക.

Add Asianetnews as a Preferred SourcegooglePreferred

സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയോടെയായിരുന്നു കോടതി നേരത്തെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത് കോടതിയുടെ ജാമ്യവ്യവസ്ഥകൾ രാഹുൽ ഈശ്വർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത് . ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ കോടതി അദ്ദേഹത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

 രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതി നൽകിയ യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഹുൽ ഈശ്വർ നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കോടതി ഇന്ന് രാഹുൽ ഈശ്വറിന്റെ വിശദീകരണം കേട്ട ശേഷം ജാമ്യം റദ്ദാക്കണോ എന്ന കാര്യത്തിൽ ഉത്തരവിടും. ജാമ്യം റദ്ദാക്കപ്പെട്ടാൽ അദ്ദേഹത്തിന് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരും.

മൊബൈൽ ഫോണുകൾ വിറ്റുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനെ ഇന്നും നാളെയും കൂടി ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി കൃത്യമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് വിവരം. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ഫോണുകൾ വിറ്റുപോയെന്നും ചിലത് നഷ്ടപ്പെട്ടെന്നുമാണ് രാഹുലിന്റെ മറുപടി. ഇത് അന്വേഷണ സംഘം പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.തിരുവനന്തപുരത്തും പാലക്കാടും വച്ച് പീഡനം നടന്നുവെന്നാണ് യുവതിയുടെ പരാതി. യുവതി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും കേസായതും.