കളിക്കളത്തിലെ ചക്രവര്‍ത്തിയായ ബെക്കന്‍ബോവര്‍

Web Desk |  
Published : Jun 13, 2018, 12:15 AM ISTUpdated : Jun 29, 2018, 04:13 PM IST
കളിക്കളത്തിലെ ചക്രവര്‍ത്തിയായ ബെക്കന്‍ബോവര്‍

Synopsis

കളിക്കാരനായി പശ്ചിമ ജര്‍മ്മനിക്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തുകയും ടീം മാനേജരെന്ന നിലയില്‍ ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഫുട്‌ബോള്‍ പ്രതിഭ.

ഫ്രന്‍സ് ആന്റണ്‍ ബെക്കന്‍ബോവര്‍ക്ക് കൈസര്‍, അഥവാ ചക്രവര്‍ത്തി എന്ന പേരു കിട്ടിയത് കളിക്കളത്തിലെ ഗംഭീരമായ സാന്നിധ്യവും അസാമാന്യമായ നേതൃശേഷിയും കാരണമാണ്. ഫ്രന്‍സ് എന്ന പേരും ആസ്ത്രിയന്‍ ചക്രവര്‍ത്തിമാരുടെ സ്മരണകളുണര്‍ത്തുന്നു. പശ്ചിമ ജര്‍മനിക്ക് വേണ്ടി 103 മത്സരങ്ങള്‍ കളിച്ച, മൂന്നു ലോകകപ്പുകള്‍ കളിച്ച, കളിക്കളത്തില്‍ നിറഞ്ഞുനിന്ന സാന്നിദ്ധ്യം. കളിക്കളത്തില്‍ മാത്രമല്ല, കളിക്കളത്തിനു പുറത്തും. 

കളിക്കാരനായി പശ്ചിമ ജര്‍മ്മനിക്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തുകയും ടീം മാനേജരെന്ന നിലയില്‍ ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഫുട്‌ബോള്‍ പ്രതിഭ. ബയേണ്‍ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യന്‍ കപ്പും നേടിക്കൊടുത്ത താരം. ഫിഫയുടെ എക്കാലത്തേയും മികച്ച 100 കളിക്കാരുടെ പട്ടികയിലും സ്വപ്നടീമിലും ഇടംപിടിച്ച കളിക്കാരന്‍.

ബയേണ്‍ മൂണിക്കിലെ ഉജ്ജ്വലമായ പ്രകടനം, കൈസര്‍ എന്ന പേര് ഉറപ്പിച്ചതോടെയാണ്, ബെക്കന്‍ ബോവര്‍, ലോകകപ്പ് ടീമിലേക്ക് അനായാസേന പ്രവേശിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ജര്‍മനി ഏകപക്ഷീയമായ അഞ്ചു ഗോളിന് ജയിച്ചപ്പോള്‍, അതില്‍ രണ്ടു ഗോള്‍ ബെക്കന്‍ബോവറിന്റേതായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേക്കെതിരായ മത്സരത്തില്‍ രണ്ടാമത്തെ ഗോളും കൈസറിന്റേത്. 

സെമി ഫൈനലില്‍ അന്നത്തെ സോവിയറ്റ് യൂണിയനെ തോല്‍പ്പിച്ച് പശ്ചിമ ജര്‍മനി ഫൈനലില്‍. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിട്ടു. ഇംഗ്ലണ്ട് നിര അതിശക്തമായിരുന്നു. ഗോര്‍ഡന്‍ ബാങ്ക്‌സും ബോബി മൂറും ബോബി ചാള്‍ട്ടനും ഉള്‍പ്പെട്ട നിര. ഇംഗ്ലണ്ടിനോട് പശ്ചിമ ജര്‍മനി കീഴടങ്ങി. 1970ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മനി ഗ്രൂപ്പ് മത്സരങ്ങളില്‍ അനായാസം ജയിച്ചുകയറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിട്ടു. ഇംഗ്ലണ്ട് രണ്ടു ഗോളിന് മുന്നിലായിരുന്നു. 69ാം മിനുട്ടില്‍ കൈസറുടെ ഒന്നാംതരം ഗോളിലൂടെ ജര്‍മനി ആത്മവിശ്വാസം കൈവരിച്ചു.

സീലറുടെ ഗോളോടെ സമനില. അധികസമയത്തില്‍ ഗെര്‍ഡ് മുള്ളറുടെ ഗോളോടെ ജര്‍മനി സെമിയില്‍. ഇറ്റലിയോടായിരുന്നു സെമിയില്‍ ഏറ്റുമുട്ടിയത്. നൂറ്റാണ്ടിന്റെ മത്സരം എന്നു പേരുകേട്ട മത്സരമായിരുന്നു അത്. പരിക്കിന്റെ പിടിയിലായ ബെക്കന്‍ബോവര്‍ക്ക് തിളങ്ങാനായില്ല. ഇറ്റലി ഫൈനലില്‍. ജര്‍മനിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

1974-ലെ ലോകകപ്പില്‍ രണ്ടാമതോ മൂന്നാമതോ ആകാന്‍ ഒരുക്കമില്ലാതെയായിരിന്നു ബെക്കന്‍ബോവറിന്റെ വരവ്. ഫെനലില്‍ എതിരിടേണ്ടത് ക്രൈഫിന്റെ ഹോളണ്ടിനെ. ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോളില്‍ വിള്ളലുണ്ടാക്കാന്‍ ക്രൈഫിനെ മാര്‍ക്ക് ചെയ്യുക എന്നതായിരുന്നു ബെക്കന്‍ബോവറിന്റെ തന്ത്രം. ആദ്യത്തെ ഞെട്ടലിനു ശേഷം കൈസറും സംഘവും ഹോളണ്ടിനെ തളച്ചു. ആദ്യത്തെ ഫിഫ ലോകകപ്പ് ട്രോഫി കയ്യിലേന്തി. ബെക്കന്‍ബോവര്‍ ചക്രവര്‍ത്തി എന്ന വിശേഷണം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ