പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 72 വയസ്സുകാരി ശാന്തയാണ് കൊല്ലപ്പെട്ടത്.

ആലപ്പുഴ: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധം മൂലം സ്വന്തം അമ്മൂമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ അക്ഷയ് നിവാസിൽ അനന്തുവിനെയാണ് (26) ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. 2019 ജൂൺ 9നായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 72 വയസ്സുകാരി ശാന്തയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അനന്തു തന്റെ അമ്മൂമ്മയോട് ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ജൂൺ9 ന് രാത്രി 8: 30-നും 11: 30-നും ഇടയിലുള്ള സമയത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ശാന്തയുടെ തലയ്ക്കടിച്ചാണ് അനന്തു കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു. കൊലപാതകത്തിന് നേരിട്ടുള്ള സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിക്കാൻ സാധിച്ചത് എന്നത് ശ്രദ്ധേയമാണ്. പട്ടണക്കാട് സബ് ഇൻസ്പെക്ടർമാരായ അമൃത രംഗൻ, ജിജിൻ ജോസഫ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 

എഎസ്ഐ ബൈജു, സീനിയർ സിപിഒ കിഷോർ ചന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ, അഡ്വ. അഖിലാ കൃഷ്ണൻ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സിവിൽ പോലീസ് ഓഫീസർ ഗണേഷ് കുമാർ നടപടികൾ ഏകോപിപ്പിച്ചു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം