
തിരുവനന്തപുരം: തലയ്ക്കു വില പറഞ്ഞിരുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങിയാൽ പ്രത്യേക ധനസഹായം നൽകണമെന്ന് പൊലീസ് മേധാവി. സർക്കാരിന് നൽകിയ മാവോയിസ്റ്റ് കീഴടങ്ങൽ നയത്തിലാണ് പിടികിട്ടാപ്പുള്ളികള്‍ക്കായി പ്രത്യേക പാക്കേജ് ശുപാർശ ചെയ്യുനത്. മാവോയിസ്റ്റുകള്‍ കീഴടങ്ങുകയാണെങ്കിൽ പണവും തൊഴിലും നൽകണമെന്നാണ് കരട് നയത്തിൽ പൊലീസ് ശുപാർശ ചെയ്യുന്നത്.
മാവോയിസ്റ്റുകളുടെ പ്രവർത്തനം, ആയുധപരിശീലനം, ബന്ധമുള്ള സംഘങ്ങള്‍ എന്നിവയെ കുറിച്ച് പൊലീസിനോട് തുറന്നു പറയുന്നവർക്കായിരിക്കും കീഴടങ്ങലിന് അവസരമുണ്ടാവുക. വിവിധ സംസ്ഥാനങ്ങള്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്കും കീഴടങ്ങാൻ പ്രത്യക പാക്കേജാണ് നയത്തിൽ മുന്നോട്ടുവയ്ക്കുന്നത്.
കീഴടങ്ങുന്നവർക്ക് നയത്തിന്റെ ഭാഗമായി നൽകുന്ന പണത്തിന് പുറമേ ഇവരുടെ തലയ്ക്ക് സർക്കാർ ഇട്ടിരിക്കുന്ന വിലയും നൽകും. ആയുധങ്ങള്‍ ഹാജരാക്കിയാൽ അതിനും പ്രത്യേകം പണം നൽകും. പക്ഷെ കേസിൽപ്പെട്ടവരാണെങ്കില്‍ നിയമനടപടി തുടരും. അതീവ ഗൗരവമല്ലാത്ത കേസുകളാണെങ്കിൽ സർക്കാർ നിയമസഹായം നൽകണമെന്നും ഡിജിപിയുടെ കരട് നയത്തിൽ പറയുന്നു.
മാവോയിസ്റ്റുകളായ ദമ്പതികളാണ് കീഴടങ്ങുന്നതെങ്കിൽ ഒറ്റ വ്യക്തിയായി കണക്കാക്കും. അതായത് രണ്ടു പേർക്കും പ്രത്യേക ധനസഹായമില്ല. കീഴടങ്ങുന്നവർ അഞ്ചു വർഷത്തേക്ക് പ്രത്യേക നിരീക്ഷണത്തിലായിരിക്കും. തൊഴിൽ പരീശീലനത്തിന് സ്റ്റൈപ്പന്‍റ് നൽകുന്നതിനോടൊപ്പം പഠനത്തിനും സൗകര്യം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam