സിഖ് വിരുദ്ധ കലാപത്തിലെ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

By Web DeskFirst Published Jun 12, 2016, 6:55 AM IST
Highlights

ദില്ലി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെടുന്ന 75 കേസുകളാണ് പുനരന്വേഷിക്കുക.

കലാപവുമായി ബന്ധപ്പെട്ട് അന്ന് 235 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇതില്‍ മിക്ക കേസുകളും ഉപേക്ഷിച്ചു. കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറും, സഞ്ജന്‍ സിംഗും അടക്കം നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കേസില്‍ പ്രതികളായ കേസുകളും വീണ്ടും അന്വേഷിക്കുന്ന കേസുകളുടെ പട്ടികയിലുണ്ട്.

സിഖ് കലാപവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് നല്‍കാനുണ്ടെങ്കില്‍ അന്വേഷണത്തിനായി രൂപികരിക്കുന്ന പ്രത്യേത സംഘത്തിന് നല്‍കാം. ഇത് സംബന്ധിച്ച് ദൃശ്യ- പത്ര മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ സിഖ് സമുദായത്തിന്‍റെ ഇടയില്‍ സമ്മതി നേടിയെടുക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പുന:രന്വേഷണ തീരുമാനത്തെ വിലയിരുത്തുന്നത്. 

നേരത്തെ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 
അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളിയ കോടതി ജഗദീഷ് ടൈറ്റ്‌ലറുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

സിബിഐ സമര്‍പ്പിക്കുന്ന മൂന്നാമത് ക്ലോഷര്‍ റിപ്പോര്‍ട്ടായിരുന്നു ഇത്. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ടൈറ്റ്‌ലര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് തന്നെയാണ് നല്‍കിയിരുന്നത്. ഇതും കോടതി തള്ളിയിരുന്നു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്നാണ് 1984ല്‍ സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
 

click me!