ശാസ്ത്ര-സാങ്കേതിക രംഗത്തെ സര്‍ഗാത്മകതയുടെ വേദിയായി 'സ്പെക്ടാക്കുലര്‍- 2019' പ്രദര്‍ശനം

By Web TeamFirst Published Nov 19, 2019, 5:59 PM IST
Highlights
  • വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര, സാങ്കേതിക, കലാരംഗത്തെ അഭിരുചികള്‍ വര്‍ധിപ്പിക്കാന്‍ വേദിയൊരുക്കി 'സ്പെക്ടാക്കുലര്‍- 2019'.
  • പദുരിലെ ഹിന്ദുസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ശാസ്ത്രം, കല, കരകൗശലവിദ്യ, റോബോട്ടിക്സ്, വിവരസാങ്കേതിക വിദ്യ എന്നിവയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ഒരുക്കിയത്.

ചെന്നൈ: കുട്ടികള്‍ക്ക് ശാസ്ത്രത്തിലുള്ള താല്‍പ്പര്യം, ഗവേഷണ മനോഭാവം, കലാപരമായ കഴിവുകള്‍ എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പദുരിലെ ഹിന്ദുസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രം, കല, കരകൗശലവിദ്യ, റോബോട്ടിക്സ്, വിവരസാങ്കേതിക വിദ്യ എന്നിവയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം 'സ്പെക്ടാക്കുലര്‍ -2019' നവംബര്‍ 14ന് സംഘടിപ്പിച്ചു. 

വിക്രംസാരാഭായ് സ്പേസ് സെന്‍റര്‍, ഐഎസ്ആര്‍ഒ, തിരുവനന്തപുരത്തെ സ്പേസ് വിഭാഗം എന്നിവിടങ്ങിളില്‍ സേവനമനുഷ്ഠിക്കുകയും ജിഎസ്എല്‍വി പ്രൊജക്ടിന്‍റെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറായി വിരമിക്കുകയും ചെയ്ത  ശ്രീ ആര്‍ ദൊരൈരാജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുവശാസ്ത്രജ്ഞരുടെ സര്‍ഗാത്മകതയും നൂതന ശാസ്ത്ര സാങ്കേതിക രംഗത്തെ അവരുടെ കഴിവും പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു ശിശുദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശനം. 

വിദ്യാഭ്യാസമെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുക എന്നത് മാത്രമല്ല, ഒരു വ്യക്തിയുടെ ബുദ്ധിപരമായ വികാസം സാധ്യമാക്കുന്ന എല്ലാ പ്രക്രിയകളെയും സൂചിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന പദം കൂടിയാണിത്. ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാഭ്യാസമെന്നാല്‍ കുട്ടികളുടെ സമഗ്ര വികാസം ലക്ഷ്യമിട്ടുള്ളതാണ്. പ്രായോഗികമായ രീതിയിലൂടെ മാത്രമെ സമഗ്ര വികാസമെന്ന ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളൂ. കാര്യങ്ങള്‍ ചെയ്തും അനുഭവിച്ചും പഠിക്കുന്നതിലൂടെയാണ് പ്രായോഗിക രീതി പകര്‍ന്നു നല്‍കാന്‍ കഴിയുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര, സാങ്കേതിക, കലാരംഗത്തെ അഭിരുചികള്‍ വളര്‍ത്താന്‍ സഹായിക്കുന്ന പ്രായോഗിക രീതി പരിചയപ്പെടുത്തുന്നതായിരുന്നു 'സ്പെക്ടാക്കുലര്‍ -2019'.

വിദ്യാര്‍ത്ഥികളുടെ മനോഹരമായ കണ്ടുപിടുത്തങ്ങളെ മുഖ്യാതിഥി ദൊരൈരാജ് ചടങ്ങില്‍ അഭിനന്ദിച്ചു. ശാസ്ത്രം, സാങ്കേതിക വിദ്യ, കല, കരകൗശല വിദ്യ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ സ്കൂള്‍ നടത്തിയ പ്രയത്നത്തെ അദ്ദേഹം പ്രശംസിച്ചു. വിവിധ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും നൂതന ശാസ്ത്ര സാങ്കേതിക വിദ്യ അനിവാര്യമാണെന്ന വസ്തുത ദൊരൈരാജ്  ചൂണ്ടിക്കാട്ടി. 'ജീവിതം ഏറ്റവും ശക്തമായി തന്നെ ജീവിക്കൂ, നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെ ഇഷ്ടപ്പെടുക, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക' എന്ന അദ്ദേഹത്തിന്‍റെ തന്നെ തത്ത്വശാസ്ത്രം ചടങ്ങില്‍ ദൊരൈരാജ് വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു.

കുട്ടികളുടെ സര്‍ഗാത്മകത കാണാന്‍ മാതാപിതാക്കള്‍ക്ക് അവസരം ഒരുക്കിയ വേദി കൂടിയായി ഈ പ്രദര്‍ശനം. ശാസ്ത്രം, സാങ്കേതിക വിദ്യ, കല എന്നിവയില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി വര്‍ധിപ്പിക്കാനും കൂടുതല്‍ ഉത്സാഹത്തോടെയും ജിജ്ഞാസയോടെയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ സ്വായത്തമാക്കാനും  കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനും 'സ്പെക്ടാക്കുലര്‍ -2019' വഴിയൊരുക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കാനും പ്രദര്‍ശനത്തിലൂടെ സാധിച്ചു. ശാസ്ത്രപരമായ അറിവുകള്‍ നേടുന്നതിന് പുറമെ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും പരസ്പരം സഹായിക്കാനും മാനേജീരിയല്‍ സ്കില്‍സ്, നേതൃപാടവം എന്നിവ വളര്‍ത്താനും സംഘത്തിലുള്ള മറ്റ് കുട്ടികളുടെ വികാരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും കരുതലും നല്‍കി മുമ്പോട്ട് പോകാനും പ്രദര്‍ശനം വിദ്യാര്‍ത്ഥികളെ സഹായിച്ചു. 

പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളുടെയും മാതാപിതാക്കളുടെയും മുമ്പില്‍ തങ്ങളുടെ പ്രൊജക്ടുകളെക്കുറിച്ച് വിശദീകരിച്ചതിലൂടെ സഭാകമ്പമില്ലാതെ പൊതുമധ്യത്തില്‍ സംസാരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. ഇതവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ഉത്തേജനമായി. കാര്യങ്ങള്‍ ചെയ്ത് പഠിക്കുന്നതിലൂടെ അറിവുകള്‍ നേടുന്നതിനുള്ള പ്രായോഗിക വേദി ഒരുക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പേടി ഇല്ലാതാക്കാനും പ്രദര്‍ശനം സഹായിച്ചു. ശാസ്ത്രത്തിലുള്ള അറിവും ജിജ്ഞാസയും വികസിപ്പിക്കാനും അതുവഴി വിവിധ വെല്ലുവിളികള്‍ക്ക് സര്‍ഗാത്മകമായ രീതിയില്‍ ചിന്തിച്ച് പരിഹാരം കണ്ടെത്താനും സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് സാധിക്കുമെന്നതിന് ഉദാഹരണം കൂടിയായി 'സ്പെക്ടാക്കുലര്‍ -2019'.
 

click me!