ഒരു മോനെ കൊന്നു, ഇവനെയെങ്കിലും ബാക്കി വയ്ക്കണം; ശ്രീജിത്തിന്റെ അമ്മ

By Web DeskFirst Published Jan 12, 2018, 5:15 PM IST
Highlights

പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സഹോദരന് നീതി തേടി രണ്ടരവര്‍ഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ശ്രീജിത്തിന്റെ പോരാട്ടം ഇതിനോടകം പൊതുസമൂഹം  ഏറ്റെടുത്തു കഴിഞ്ഞു. ഒരു സംഘടനയുടേയോ വ്യക്തികളുടേയോ പിന്തുണയില്ലാതെ ശ്രീജിത്ത് ഒറ്റയ്ക്ക് നടത്തുന്ന ഈ സമരത്തെക്കുറിച്ച് ഏഷ്യനെറ്റ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. സ്വന്തം ഭാവിയും ജീവിതവും ത്യജിച്ച് അനിയന് നീതി തേടി റോഡരികില്‍ കാവലിരിക്കുന്ന ശ്രീജിത്തിനെക്കുറിച്ചും അകാലത്തില്‍ തനിക്ക് നഷ്ടമായ മകന്‍ ശ്രീജിവിനെക്കുറിച്ചും കുറിച്ചു പറയുകയാണ്‌ ഇവരുടെ മാതാവ്.......

പോലീസുദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലാണ് എന്റെ മോനെ അവര് കൊന്നത്. ഞങ്ങടെ നാട്ടുകാരായ നാലു പോലീസുകാരാണ് അവനെ മര്‍ദ്ദിച്ചതും കൊന്നതും. അവരെല്ലാം കൂടി കൊന്നുകളഞ്ഞ കൂടപ്പിറപ്പിന് വേണ്ടി നീതി തേടി എന്റെ മോന്‍ രണ്ടരവര്‍ഷമായി തെരുവില്‍ കിടക്കുമ്പോള്‍ കൊലയാളികളായ പോലീസുകാര്‍ പ്രമോഷനും വാങ്ങി എന്റെ കണ്‍മുന്‍പില്‍ ജീവിക്കുകയാണ്. 

അഞ്ചോ പത്തോ ലക്ഷം കിട്ടിയാല്‍ തീരുന്നതല്ല ഞങ്ങടെ വേദനയും നഷ്ടവും. 25 വര്‍ഷം പോറ്റുവളര്‍ത്തിയ എന്റെ മക്കളാണ്, ഞാന്‍ ചത്താല്‍ എന്നെ കുഴിയിലേക്ക് വയ്‌ക്കേണ്ട മക്കളാണ്... ആ മക്കള്‍ക്കാണല്ലോ ദൈവം ഈ വിധി കൊടുത്തത്. സിബിഐയ്ക്ക് അന്വേഷണം വിട്ടുകൊടുത്തതായി കാണിച്ചുള്ള ഒരു കടലാസ് മാത്രമാണ് ഞങ്ങള്‍ക്ക് ആകെ ലഭിച്ചത്. സിബിഐ അന്വേഷണം ആരംഭിക്കണമെന്നൊരു ആവശ്യം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അതിന് വേണ്ടിയാണ്...ചത്തുപോയ കൂടപ്പിറപ്പിന് നീതി തേടിയാണ് എന്റെ മകന്‍ ഇന്നും തെരുവില്‍ കിടക്കുന്നത്. 

അവശനിലയിലായ എന്റെ മോനെ സെക്രട്ടേറിയറ്റിന് മുന്നില്‍ കിടക്കാന്‍ പോലും പോലീസുകാര്‍ സമ്മതിക്കുന്നില്ല. കന്‍ോണ്‍മെന്റ് എസ്.ഐയുടെ നേതൃത്വത്തില്‍ അവനെ നിരന്തരം ഉപദ്രവിക്കുകയാണ്. ഇതാണോ കാക്കിയുടെ നിയമം, എന്തിനാ ഈ ക്രൂരകൃത്യം ചെയ്തവരെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. എനിക്കും എന്റെ കുടുംബത്തിനും നീതി ലഭിക്കണം. ഞാനൊരു പെറ്റതള്ളയാണ് എന്റെ മോനെ കൊന്നവര്‍ ഇനിയും ഈ നാട്ടില്‍ എന്റെ മുന്‍പിലൂടെ നടക്കാന്‍ ഇടവരരുത്. . ഇതൊന്നും താങ്ങാനുള്ള ശേഷി എനിക്കില്ല. ദൈവമല്ലാതെ മറ്റൊരു അഭയവും ഞങ്ങള്‍ക്കില്ല. 

ഞാന്‍ മരിച്ചാല്‍ എന്നെ കുഴിയിലേക്കെടുത്തു വയ്‌ക്കേണ്ടത് എന്റെ മക്കളാണ്. അവരിലൊരാള്‍ മരിച്ചു, ഇനിയുള്ള ഒരുത്തനാണ്  രണ്ടു വര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഇങ്ങനെ കിടക്കുന്നത്. ഒരു വിധവയായ അമ്മയാണ് ഞാന്‍, എന്റെ കണ്ണീര് ഈ സര്‍ക്കാര്‍ കാണാതെ പോവരുത്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും എന്ന് പ്രഖ്യാപിച്ച ഈ സര്‍ക്കാര്‍ എന്തിനാണ് എന്റെ മോന്റെ കൊലയാളികളെ സംരക്ഷിക്കുന്നത്. എത്ര ഉന്നതനായാലും അവരെ ശിക്ഷിക്കാന്‍ സര്‍ക്കാരിനാവില്ലേ.... എനിക്കുള്ള ഒരേയൊരു മകനെ കൂടി നഷ്ടപ്പെടാന്‍ ഇടവരരുത്. എന്റെ മോനെ കൊന്നവരെ ഒന്നും ചെയ്യാന്‍ എനിക്കാവില്ല. കരയാനാല്ലാതെ മറ്റൊന്നും എനിക്ക് പറ്റണില്ല. ഞങ്ങള്‍ക്ക് നീതി വാങ്ങി തരാന്‍ എല്ലാവരും ഒപ്പം നില്‍ക്കണം. അത്ര മാത്രമേ എല്ലാവരോടും എനിക്ക് പറയാനുള്ളൂ.... തേങ്ങിക്കരഞ്ഞു കൊണ്ട് ഈ അമ്മ പറയുന്നു.


 

click me!