ശ്രീലങ്കയിൽ ഭരണ പ്രതിസന്ധി തുടരുന്നു; ഔദ്യോഗിക വസതി ഒഴിയില്ലെന്ന് വിക്രമസിംഗെ

By Web TeamFirst Published Oct 28, 2018, 2:25 PM IST
Highlights

ഭരണഘടനയിലെ 42-ാം വകുപ്പ് അനുസരിച്ച് താൻ തന്നെയാണ് പ്രധാനമന്ത്രിയെന്നും അതിനാൽ ഔദ്യോഗികവസതി ഒഴിയില്ലെന്നും വിക്രമസിംഗെ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി തന്റെ പാർട്ടിയാണെന്നും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

ശ്രീലങ്ക: ശ്രീലങ്കയിൽ ഭരണ പ്രതിസന്ധി തുടരുന്നു. ഔദ്യോഗികവസതിയും മറ്റ് സൗകര്യങ്ങളും ഉടൻ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയ്ക്ക് പ്രസിഡന്‍റ് മൈത്രിപാല സിരിസേന നോട്ടീസയച്ചു. എന്നാൽ ഇപ്പോഴും പ്രധാനമന്ത്രി താൻ തന്നെയാണെന്നും ഔദ്യോഗിക വസതി ഒഴിയില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിക്രമസിംഗെ. വിക്രമസിംഗെയെ ഒഴിപ്പിയ്ക്കാൻ കോടതിയുടെ സഹായം തേടാനാണ് പ്രസിഡന്‍റ് സിരിസേനയുടെ നീക്കം.

എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി തന്റെ പാർട്ടിയാണെന്നും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം വേണമെന്നുമാണ് വിക്രമസിംഗെ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ 42ാം വകുപ്പ് പ്രകാരം തന്നെ പുറത്താക്കാൻ പ്രസിഡന്‍റിന് അവകാശമില്ല. പാർലമെന്‍റ് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നും ഉടൻ പാർലമെന്‍റ് വിളിച്ചുചേ‍ർത്ത് വിശ്വാസവോട്ട് തേടണമെന്നും വിക്രമസിംഗെ ആവശ്യപ്പെടുന്നു.

കൊളംബോയിലടക്കം പാർട്ടി പ്രവർത്തകരെ അണിനിരത്തി പ്രതിഷേധത്തിലേക്ക് കടക്കാനാണ് വിക്രമസിംഗെയുടെ നീക്കം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാൻ പൊലീസിന് പ്രസിഡന്‍റ് ജാഗ്രതാ നിർദ്ദേശം നൽകി. 

ഇതിനിടയിൽ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ പ്രസിഡന്റിന് കത്തെഴുതിയത് വിക്രമസിംഗേയ്ക്ക് ആശ്വാസമായി. 

നവംബർ 16 വരെ പാർലമെന്റ് മരവിപ്പിച്ചത് ഭൂരിപക്ഷം തെളിയിക്കാൻ രജപക്സെയ്ക്ക് കൂടുതൽ സമയം നീട്ടി നൽകുന്നതിന് വേണ്ടിയാണെന്ന വിമർശനം ശക്തമാണ്. ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന രജപക്സെയുടെ നീക്കത്തിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. ഭരണഘടനാ പ്രക്രിയ ശ്രീലങ്ക പാലിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.   
 

click me!