Latest Videos

ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ വീണ്ടും അധികാരമേറ്റു

By Web TeamFirst Published Dec 16, 2018, 7:08 PM IST
Highlights

ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ  വീണ്ടും അധികാരമേറ്റു. 51 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതി വിധിയുടെ ബലത്തില് സിംഗെ അധികാരമേറ്റത്. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ  വീണ്ടും അധികാരമേറ്റു. 51 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സുപ്രിംകോടതി വിധിയുടെ ബലത്തില് സിംഗെ അധികാരമേറ്റത്. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

വിവാദ നടപടിയിലൂടെ ശ്രീലങ്കയിൽ പ്രധാനമന്ത്രി പദത്തിലേറിയ മഹീന്ദ രാജപക്സെ ശനിയാഴ്ച രാജിവച്ചിരുന്നു. രാജ്യത്ത് സ്ഥിരത വരുത്താൻ വേണ്ടിയാണ് രാജപക്സെ രാജി വച്ചതെന്ന് മകൻ നമൽ രാജപക്സെ ട്വീറ്റ് ചെയ്തിരുന്നു.  വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് രാജപക്സെയെ പ്രധാനമന്ത്രിയാക്കിയത്. പാർലമെന്റിൽ ഭൂരിപക്ഷമില്ലായിരുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് അപ്പീൽ കോടതി വ്യക്തമാക്കിയിരുന്നു. റെനിൽ വിക്രമസിംഗെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനും അവസരം നൽകിയിരുന്നില്ല. 

2015ലാണ് വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാർ അധികാരത്തിലെത്തിയത്. കഴിഞ്ഞ ഒക്ടോബർ 26 ന് റെനിൽ വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രജപക്സെയെ മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയതാണ് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കം. വിക്രമസിംഗെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് രാജപക്സെ അധികാരമേറ്റത്.  എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രജപക്സ തോറ്റതിനെ തുടർന്നു സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു.    

ജനുവരി അഞ്ചിന് പുതിയ തിരഞ്ഞെടുപ്പു നടത്താനും സിരിസേന ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന കോടതി വിധി സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും സുപ്രിംകോടതി തള്ളിയതോടെയാണ് രജപക്സെ രാജിവച്ചത്.

അതേസമയം ശ്രീലങ്കയിൽ റനിൽ വിക്രമസിംഹെ വിണ്ടും പ്രധാനമന്ത്രിയാകുന്നതിനെ ഇന്ത്യ നേരത്തെ സ്വാഗതം ചെയ്തിരുന്നു. ശ്രീലങ്കൻ ജനാധിപത്യത്തിൻറെ ചെറുത്തു നില്ക്കാനുള്ള ശേഷി വ്യക്തമാക്കുന്ന നീക്കമെന്നായിരുന്നു സംഭവത്തെ  ഇന്ത്യ വിശേഷിപ്പിച്ചത്.

click me!