
തൃശൂര്‍: എസ്.എസ്.എയും ആര്‍.എം.എസ്.എയും സംയോജിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ)-സങ്കലിത വിദ്യഭ്യാസ പദ്ധതിയിലെ റിസോഴ്‌സ് അധ്യാപകര്‍ക്ക് (ആര്‍ടി) ഇനി നിയമനം സ്‌കൂളുകളില്‍. കൂടുതല്‍ ജോലിഭാരത്തോടെ പദ്ധതി പുതുക്കിയിട്ടും സംസ്ഥാനത്തെ ആയിരക്കണക്കിന് റിസോഴ്‌സ് അധ്യാപകരെ ഇത്തവണയും കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുക.
നേരത്തെ, പ്രീ പ്രൈമറി തലം മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന റിസോഴ്‌സ് അധ്യാപകര്‍ക്കിനി ഹയര്‍ സെക്കണ്ടറി തലം വരെ പ്രവര്‍ത്തിക്കേണ്ടിവരും. മുന്‍കാലങ്ങളില്‍ മെയ് മാസം പാതിയോടെ കരാര്‍ പുതുക്കി ജോലിയില്‍ കയറിയിരുന്ന ഇവരുടെ നിയമനം വൈകിയിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള പ്രക്രിയ നാളെ മുതല്‍ ആരംഭിക്കും. അതത് ജില്ലകളിലെ പ്രൊജക്ട് (ഡിപിഒ) ഓഫീസുകളില്‍ രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.
നിയമനം സമഗ്രമാക്കുന്നതിന് ബ്ലോക്ക് പ്രോഗ്രാം ഓഫീസുകളില്‍ (ബിആര്‍സി) ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിയമനം സംബന്ധിച്ചും തിരികെ കയറേണ്ടത് സ്‌കൂളുകളിലാണോ ബിആര്‍സികളിലാണോ എന്ന കാര്യത്തിലെല്ലാം ആര്‍ടിമാര്‍ സംശയങ്ങളേറെയാണ്. അഞ്ചോ അതിലധികമോ ഭിന്നശേഷിക്കാരായ കുട്ടികളുള്ള സ്‌കൂളുകള്‍ തിരഞ്ഞെടുത്താണ് നിയമനം നടത്തേണ്ടത്. യു-ഡെസ്‌ക് പ്രകാരം സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഡിപിഒമാര്‍ക്കുണ്ട്.
ഡിപിഒ ഓഫീസ് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്ന് ആര്‍ടിമാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള സ്‌കൂള്‍ സബ് ജില്ലാ, ജില്ലാ മുന്‍ഗണനാപ്രകാരം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. ഓപ്ക്ഷന്‍ നേടിയവരില്‍ നിന്ന് സീനിയോരിറ്റി പരിഗണിച്ച് നിയമനം നല്‍കണമെന്നാണ് സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ നിന്നുള്ള ഉത്തരവ്.
ആര്‍ടി ആവശ്യപ്പെട്ട സ്‌കൂള്‍ പട്ടികയില്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ബിആര്‍സി/ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് നിയമിക്കാം. ആര്‍ടിമാരെ നിയമിക്കുന്ന സ്‌കൂളുടെ ലിസ്റ്റ് സ്‌റ്റേറ്റ് പ്രൊജക്ട് ഓഫീസില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്.
ഇതിനായുള്ള പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഡിപിഒ ഉപയോഗിക്കണം. നിശ്ചിത സ്‌കൂളില്‍ പ്രവര്‍ത്തിക്കാമെന്ന സമ്മതപത്രം കൂടി ഇത്തവണ കരാര്‍ രേഖയോടൊപ്പം ആര്‍ടിമാരില്‍ നിന്ന് ഒപ്പിട്ട് വാങ്ങും. വിസമ്മതിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കി നല്‍കില്ല. ബിആര്‍സികളില്‍ നിന്ന് ഓട്ടിസം സെന്ററുകളില്‍ പ്രവര്‍ത്തിച്ചവരുടെ സേവനം പൂര്‍ണ്ണമായും ഓട്ടിസം സെന്ററില്‍ തന്നെയാക്കും.
എട്ടാം തിയതിക്കകം ജില്ലകളിലെ ആര്‍ടിമാരുടെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കും. 11ന് മുഴുവന്‍ പേരും അതത് സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവ്. നിലവിലെ എസ്.എസ്.എ, ആര്‍.എം.എസ്.എ സംവിധാനങ്ങളുടെ അധികാരികള്‍ സംയുക്തമായിട്ടായിരിക്കും സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതയിലേക്കുള്ള റിസോഴ്‌സ് ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അക്കാദമിക പിന്തുണ നല്‍കുന്നതിനായി ഡിപിഇപി, എസ്എസ്എ, ആര്‍എംഎസ്എ മുഖേനയാണ് സംസ്ഥാനത്ത് റിസോഴ്‌സ് അധ്യാപകരെ നിയമിച്ചത്. തുടര്‍ന്നിങ്ങോട്ട് പദ്ധതിയുടെ പ്രാണവായുപോലെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് വര്‍ഷാവര്‍ഷം കരാര്‍ പുതുക്കി ജോലിയില്‍ കയറേണ്ട സ്ഥിതിയാണ്. പത്ത് വര്‍ഷത്തിലേറെ സര്‍വീസുള്ള നൂറിലേറെ പേര്‍ സ്ഥിര നിയമനത്തിനായി നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam