പാല സെന്‍റ് തോമസ് കോളേജില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിലേക്ക്; വഴങ്ങാതെ പ്രിന്‍സിപ്പാല്‍

By Web DeskFirst Published Jun 14, 2017, 3:36 PM IST
Highlights

പാല: പാല സെന്‍റ് തോമസ് കോളേജില്‍ മൂന്നു ദിവസമായി വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്.  വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം എല്ലാദിവസവും ഏര്‍പ്പെടുത്തിയതടക്കമുള്ള വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. എസ്എഫ്ഐ, കെ.എസ്.യു, കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗം എന്നീ സംഘടനകള്‍ എല്ലാം സമരരംഗത്തുണ്ട്. ഒപ്പം തന്നെ എബിവിപിയും അടുത്ത ദിവസം സമര രംഗത്ത് എത്തുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

കോളേജ് തുറന്ന ഉടന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് ഓഡിറ്റോറിയത്തില്‍ വിളിച്ച യോഗത്തില്‍ മുന്‍പെങ്ങുമില്ലത്ത നിയന്ത്രണങ്ങള്‍ കോളേജില്‍ ഏര്‍പ്പെടുത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. ഇത് പ്രകാരം കോളേജ് വരാന്തകളില്‍ കൂട്ടംകൂടി നില്‍ക്കരുത്, ഒഴിവ് വേളകളില്‍ കോളേജ് ലൈബ്രറിയിലോ, ചപ്പലിലോ പോകണം തുടങ്ങിയ നിയമങ്ങള്‍ കോളേജില്‍ ഏര്‍പ്പെടുത്തിയെന്നാണ് ആരോപണം. കോളേജില്‍ യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാധാരണ കോളേജുകളില്‍ ആഴ്ചയിലെ 5 ദിവസങ്ങളില്‍ ഒരുദിവസം ഒഴിവ് നല്‍കുമ്പോള്‍ അത് പാല സെന്‍റ് തോമസ് കോളേജില്‍ നല്‍കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പുതിയ വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച്  പ്രിന്‍സിപ്പാലിന് അപേക്ഷ നല്‍കിയെങ്കിലും ഇതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഇത് ചോദിക്കാന്‍ ചെന്ന കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പാല്‍ ഇറക്കിവിട്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മൂന്ന് ദിവസമായി കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടും ഒരു ചര്‍ച്ചയ്ക്കും പ്രിന്‍സിപ്പാല്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. യൂണിഫോം സംബന്ധിച്ചും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ചും കോളേജ് കൗണ്‍സിലില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും പ്രിന്‍സിപ്പാലും മാനേജ്മെന്‍റും നിഷേധ സമീപനം സ്വീകരിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥി ആരോപണങ്ങളെ നിഷേധിച്ചാണ്  പ്രിന്‍സിപ്പാല്‍ ജോയി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതുവായി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്ന നിലയ്ക്കാണ് കൂട്ടംകൂടി നില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയത് എന്ന് ഇദ്ദേഹം പറയുന്നു. യൂണിഫോം വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ നടത്തിയാണ്. അതിനാല്‍ തന്നെ അതില്‍ മാറ്റം വരുത്താന്‍ വലിയ ചര്‍ച്ചകള്‍ ആവശ്യമാണ്, അത് നടന്നുവരുകയാണ്, ചര്‍ച്ചകളില്‍ തീരുമാനം ആയാല്‍ വിദ്യാര്‍ത്ഥികളെ അറിയിക്കും അല്ലാതെ വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ നടത്തുന്ന സമരം പ്രകോപനകരമാണെന്നും പ്രിന്‍സിപ്പാല്‍ പറയുന്നു.

click me!