സംസ്ഥാന ബജറ്റ് ഇന്ന്; നവകേരള നിർമാണ പദ്ധതികൾക്ക് കാതോർത്ത് കേരളം

By Web TeamFirst Published Jan 31, 2019, 5:51 AM IST
Highlights

നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക. പ്രളയാനന്തര കേരളത്തിന്‍റെ വികസന വഴിയിൽ ഏറെ നിർണായകമാകുന്ന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

തിരുവനന്തപുരം: പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക. 

ജിഎസ്ടി നിലവിൽ വന്നതോടെ നികുതിയിൽ വലിയ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടായേക്കും. പഴയ വാറ്റ് കുടിശ്ശികകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 
കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിർമ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കാം. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റെന്ന നിലയിൽ കേരളത്തിൽ ഇന്ധനവില കുറക്കാനുള്ള ശ്രമങ്ങളും തോമസ് ഐസക്കിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായേക്കാം. 

കഴിഞ്ഞ തവണ വർദ്ധിപ്പിക്കാതിരുന്ന ക്ഷേമ പെൻഷൻ ഇത്തവണ വർദ്ധിപ്പിച്ചേക്കും. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും നിർദ്ദേശങ്ങളുണ്ടാകും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. തന്‍റെ പത്താമത്തെ ബജറ്റാണ് തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയാനന്തര കേരളത്തിന്‍റെ വികസന വഴിയിൽ ഏറെ  നിർണായകമാകുന്ന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 

click me!