സൗദി തൊഴില്‍പ്രശ്നം; മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു

By Web DeskFirst Published Aug 17, 2016, 8:53 AM IST
Highlights

തിരുവനന്തപുരം: സൗദിയിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുന്നു. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിൽ എത്തുന്ന മലയാളികളെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് ഒരു തീരുമാനവും എടുക്കാതിരുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് തീവണ്ടി ടിക്കറ്റ് നല്കാൻ നോർക്ക സെക്രട്ടറി  നിർദ്ദേശം നല്കി.

നയതന്ത്ര പാസ്പാർട്ടിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി മൽപിടിത്തം നടത്തിയതിൽ അവസാനിച്ചിരിക്കുകയാണ് പ്രവാസി മലയാളികളോടുള്ള കേരള സർക്കാരിന്റെ കടമ. ഒരു സംസ്ഥാന മന്ത്രിക്ക് നയതന്ത്ര പാസ്പോർട്ടിൽ തന്നെ സൗദിയിൽ പോകണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസർക്കാരുമായി കേരളസർക്കാർ തർക്കിച്ചത്. എന്നാൽ അവിടെ ക്യാംപിൽ കഴിയുന്ന മലയാളികൾക്ക് നാട്ടിലെത്തുന്ന കാര്യത്തിൽ ഒരുറപ്പ് പോലും നല്കാൻ സംസ്ഥാനത്തിനായില്ല എന്നാണ് ഇന്ന് രണ്ട് മലയാളികൾ യാത്ര റദ്ദാക്കിയ സംഭവം വ്യക്തമാക്കുന്നത്.

സൗദി അറേബ്യ അവരുടെ പണം മുടക്കിയാണ് ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. സൗദിയിൽ നോർക്കയ്ക്ക് നേരിട്ടല്ലെങ്കിലും ഒരു പ്രതിനിധിയുണ്ട്. ദില്ലിയിൽ പ്ര ത്യേക ഓഫീസും സൗകര്യവുമുണ്ട്. ദില്ലി വിമാനത്താവളത്തിൽ എത്തുന്നവർ എങ്ങനെ നാട്ടിലെത്തും എന്ന കാര്യത്തിൽ ഒരു തീരുമാനവും സർക്കാരിനില്ലായിരുന്നു.  എല്ലാ മലയാളികളേയും നാട്ടിലെത്തിക്കാൻ ഒന്നര ലക്ഷം രൂപ പോലും ചെലവു വരില്ല. ലക്ഷങ്ങൾ മുടക്കി മന്ത്രിയെ സൗദിയിൽ അയയ്ക്കാൻ ആലോചിച്ച സർക്കാർ വിവാദമായപ്പോൾ ഇവർക്ക് തീവണ്ടി ടിക്കറ്റ് നല്കാനും കേരളഹൗസിൽ താമസസൗകര്യം നല്കാനുമാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. വിമാനത്താവളത്തിൽ  നിന്ന് നേരിട്ട് കേരളത്തിലേക്ക് പോകാമെന്നിരിക്കെ തീവണ്ടി കിട്ടാൻ ദില്ലിയിൽ ഒന്നോ രണ്ടോ ദിവസം കാത്തുകിടക്കേണ്ട അവസ്ഥ ഉണ്ടാക്കാനാണ് സംസ്ഥാനത്തിന്‍റെ ഈ തീരുമാനം ഇടയാക്കുന്നത്.

click me!