അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു; മില്ലുടകളുമായി വീണ്ടും ചര്‍ച്ച

By Web DeskFirst Published Aug 19, 2016, 7:45 AM IST
Highlights

അരിക്ക് അമിത വില തീരുമാനിച്ച് കോടികള്‍ കൊയ്യുന്ന ആന്ധ്രാ ലോബിയെയും  ഇടനിലക്കാരെയും കുറിച്ചുളള  ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ആന്ധ്രയില്‍ 11 രൂപയ്‌ക്ക് സംഭരിക്കുന്ന നെല്ല്, അരിയായി കേരളത്തില്‍ വില്‍ക്കുന്നത് മൂന്നിരട്ടി വിലയ്‌ക്കാണെന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മില്ലുടകളുമായി വീണ്ടും ചര്‍ച്ച നടത്തി. ഓണവിപണി നടത്താനുള്ള സപ്ലൈകോയുടെ ഈ-ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ മില്ലുടകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജയ അരിക്ക് കിലോയ്‌ക്ക് 29.50 രൂപയ്ക്ക് നല്‍കാനായിരുന്നു ആന്ധ്രാ ലോബിയുടെ നീക്കം. എന്നാല്‍ 27 രൂപയ്‌ക്ക് അരി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമം. കുടിശിക ഇല്ലാതെ പണം നല്‍കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ആന്ധ്രയിലെ കൂടുതല്‍ മില്ലുടമകളോട് ഇ-ടെണ്ടറുമായി സഹകരിക്കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈമാസം 23ന് നടക്കുന്ന ഈ ടെണ്ടറിലൂടെ അരിയുടെ ഓര്‍ഡര്‍ നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം. അതിനിടെ വിപണിയിലെ ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ സബ് ഡിപ്പോകളില്‍ സംഭരിച്ചിരിക്കുന്ന അരിയും ഓണ വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവന്തപുരം ചാലയിലടക്കമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന അരിയുടെ അളവെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

click me!