കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാക്കമ്മീഷൻ

By Web TeamFirst Published Feb 11, 2019, 12:39 PM IST
Highlights

മാധ്യമങ്ങളിൽ വന്ന വാർത്തകളുടേയും കളക്ടറെ എംഎൽഎ അപമാനിച്ച് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് വനിതാക്കമ്മീഷൻ കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം: റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ ദേവികുളം സബ്കളക്ടർ ഡോ.രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്. രാജേന്ദ്രൻ എം എൽ എ ക്കെതിരെ കേരള വനിതാക്കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

" ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ "എസ് രാജേന്ദ്രൻ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് വലിയ വിവാദമായിരുന്നു. 

പഞ്ചായത്തിന്‍റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്‍റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്‍റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വെച്ചാണ് എംഎൽഎ അപമാനിച്ചത്.

ദേവികുളം സബ് കളക്ടർ രേണു രാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ ഖേദം രേഖപ്പെടുത്തിയിരുന്നു. തന്‍റെ പരാമർശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. അതേസമയം സബ്കളക്ടർ രേണു രാജ് സ്റ്റോപ് മെമ്മോ നൽകിയ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂവകുപ്പിന്‍റെ എൻഒസി വേണം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും എസ് രാജേന്ദ്രൻ എംഎൽഎ കൂട്ടിച്ചേർത്തു
 

click me!