നാല് സ്വകാര്യ മെഡി.കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ വിധിക്ക് സ്റ്റേ

By Web TeamFirst Published Sep 5, 2018, 4:44 PM IST
Highlights

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. തൊടുപുഴ അൽ അസർ, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, തിരുവനന്തപുരം എസ്ആർ മെഡിക്കൽ കോളേജുകളിലെ പ്രവേശന അനുമതിക്കാണ് സ്റ്റേ. നാളെ വരെയാണ് പ്രവേശന നടപടികള്‍ക്ക് സ്റ്റേ.

ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾ ഒരു ദിവസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ കോളേജുകളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് പുറത്തുപോകേണ്ടിവരുമെന്ന് കോടതി പറ‍ഞ്ഞു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 550 സീറ്റിലേക്ക് നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി തടഞ്ഞത്.

ഡി.എം.വയനാട്, തൊഴുപുഴ അൽ അസര്‍,  പാലക്കാട് പി.കെ.ദാസ്, തിരുവനന്തപുരം എസ്.ആര്‍. എന്നീ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികളാണ് സുപ്രീംകോടതി ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തത്. പ്രവേശന നടപടികൾ പൂര്‍ത്തിയായ സാഹചര്യത്തിൽ ഈ വര്‍ഷത്തേക്ക് ഇളവ് വേണമെന്ന് കോളേജുകളുടെ അഭിഭാഷകര‍് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ കോടതി ഈ രീതിയിൽ പ്രവേശം നേടുന്ന കുട്ടികൾക്ക് പുറത്തുപോകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. 

ഈ നാല് സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നിലവാരമില്ലെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ കണ്ടെത്തിരുന്നു. അതിനെതിരെ കോളേജുകൾ നൽകിയ ഹര്‍ജിയിൽ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയ കോളേജുകൾക്കാണ് വലിയ തിരിച്ചടിയുണ്ടായത്. ഈ രീതിയിൽ പ്രവേശനത്തിന് അനുമതി നൽകാൻ ഹൈക്കോടതിക്ക് എങ്ങനെ സാധിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി നാല് മെഡിക്കൽ കോളേജുകളുടെയും കേസ് നാളെ അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിച്ചു. നേരത്തെ കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾ റദ്ദാക്കുകയും മെഡിക്കൽ കോളേജുകളിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്ത ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീംകോടതി സ്റ്റേ ഓടോ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി കുടികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

click me!