
നിപ കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയപ്പോൾ ഏറ്റവും ഡിമാന്‍റ് ഉണ്ടായ രണ്ട് സാധനങ്ങളാണ് സുരക്ഷാ മാസ്കും കയ്യുറകളും. കോഴിക്കോട് ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും ഇന്ന് മാസ്കുകളുടെ കീഴിലാണ്. മാസ്കും കയ്യുറയും ധരിച്ച് കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള നിയമസഭയിൽ വരെ എത്തി. കേരളത്തെ നിപയുടെ കയ്യിൽ നിന്ന് രക്ഷിക്കുന്നതിൽ ഗ്ലൗസുകളും മാസ്കുകളും വഹിക്കുന്നത് ചെറിയ പങ്കൊന്നുമല്ല. മാസ്കുകളും കയ്യുറകളും മെഡിക്കൽ രംഗത്തെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല.ഒരു ഒന്ന് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം. പക്ഷെ രോഗിയുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയ്ക്ക് ഒഴിച്ചുകൂടാനാകാത്ത സ്ഥാനം ഇന്ന് ഇത് രണ്ടും നേടിക്കഴിഞ്ഞ
അമേരിക്കയിലെ മേരിലാന്റിലുള്ള ജോൺ ഹോപ്കിൻസ് ആശുപത്രിയിലെ കരോലിൻ ഹാംടൺ എന്ന നഴ്സിന്റെ കയ്യുകളിലാണ് ആദ്യമായി കയ്യുറകളെത്തിയത്. ഡോ. വില്യം സ്റ്റുവാർട്ട് ഹാൾസ്റ്റെഡ് എന്ന സർജനായിരുന്നു അതിന് പിന്നിൽ. 1890 ലാണ് സംഭവം. മെർക്കുറിക് ക്ലോറൈഡ് കാരണമുള്ള അലർജിയിൽ നിന്ന് നഴ്സിനെ രക്ഷിക്കാനാണ് ഡോ. ഹാൾസ്റ്റെഡ്, ഗുഡ് ഇയർ റബ്ബർ കന്പനിയെക്കൊണ്ട് കയ്യുറകൾ തയ്യാർ ചെയ്യിച്ചത്. കരോലിനോട് ഡോക്ടർക്ക് തോന്നിയ പ്രണയമായിരുന്നു ഇതിന് പിന്നിലെ യഥാർത്ഥകാരണം.
പിന്നീട് അദ്ദേഹം കരോലിനെ ജീവിതസഖിയാക്കുകയും ചെയ്തു. കരോലിന്റെ അലർജിയെ പ്രതിരോധിക്കാൻ നിർമ്മിച്ച കയ്യുറകൾ പിന്നീട് അതേ ആശുപത്രിയിലെ ഒരുപാട് ജീവനക്കാരുടെ കൈകളിലേക്കെത്തി. ആദ്യം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടി തയ്യാർ ചെയ്യപ്പെട്ട കയ്യുറകൾ പിന്നീട് ഒരുപാട് രോഗികളുടെ ജീവൻ രക്ഷിച്ചതും ചരിത്രം. അക്കാലത്തെല്ലാം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതിൽ അൻപത് ശതമാനത്തിലധികം രോഗികൾ അണുബാധയെ തുടർന്ന് മരിച്ചുപോകുന്ന ദുരവസ്ഥയുണ്ടായിരുന്നു.
ഇത്തരം മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കയ്യുറകൾക്കായി. എന്നാൽ സ്വാഭാവിക റബ്ബർ തൊലിപ്പുറത്തുണ്ടാക്കുന്ന അലർജി പല ആരോഗ്യപ്രവർത്തകരെയും വലച്ചു. കൃത്രിമ റബ്ബറുകളുടെ കണ്ടെത്തലും കാർബണിക രസതന്ത്രമേഖലയിൽ നടന്ന വിപ്ലവകരമായ ഗവേഷണങ്ങളും ഈ പ്രശ്നത്തിന് പരിഹാരം കണ്ടു. 1960 കളിൽ അൻസെൽ എന്ന ഓസ്ട്രേയലിയൻ കന്പനിയാണ് ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ന് ആരോഗ്യമേഖലയിൽ മാത്രമല്ല വേറെ ഒരുപാട് മേഖലകളിൽ കയ്യുറകൾ അത്യന്താപേക്ഷിത വസ്തുവാണ്.
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് മാസ്കുകളുടെ ചരിത്രം തുടങ്ങുന്നത്. 1800 കളുടെ അവസാനത്തിലും 1900ത്തിന്റെ തുടക്കത്തിലുമാണ് മാസ്കിന്റെ ആദ്യരൂപം പ്രചാരത്തിൽ വരുന്നത്. പിന്നീട് പലഘട്ടങ്ങളിലായി മാസ്കുകളുടെ രൂപം പരിഷ്കരിക്കപ്പെട്ടു. നിപ പോലുള്ള ഗുരുതര സന്ദർഭങ്ങളിലാണ് ഇതൊക്കെ കണ്ടെത്തിയവരെക്കുറിച്ച് സാധാരണ ജനങ്ങൾ ചിന്തിക്കുന്നത്. അപ്പോഴാണ് വളരെ ചെറിയ കണ്ടുപിടിത്തം എന്ന് തള്ളിക്കളയുന്ന പലതും എത്ര വലിയ കണ്ടുപിടിത്തമായിരുന്നുന്നെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam