
കോഴിക്കാട്: സ്പെഷ്യൽ ക്ലാസിൽ കയറാത്തതിന് വിദ്യാർത്ഥിയെ സ്‍കൂൾ അധ്യാപകർ പീഡിപ്പിച്ചതായി പരാതി.കോഴിക്കോട് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ 10 ക്ലാസ് വിദ്യാർത്ഥിയെ 7 മണിക്കൂറിലധികം ക്ലാസിന് പുറത്ത് നിർത്തിയെന്നാണ് ആരോപണം. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ചത്തെ സ്പെഷ്യൽ ക്ലാസിൽ കയറാത്തതിനാണ് വിദ്യാർത്ഥിയെ ക്രൂരമായി അധ്യാപകർ ശിക്ഷിച്ചതെന്നാണ് പരാതി. 7 മണിക്കൂറിലധികം ക്ലാസ് മുറിക്ക് പുറത്ത് നിർത്തിയെന്നും വെള്ളം പോലും കുടിക്കാൻ അനുവദിച്ചില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിയെ പ്രധാന അധ്യാപകനായ സണ്ണിയും ക്ലാസ് അധ്യാപകൻ ദേവസ്യയും ചേർന്ന് ശിക്ഷിച്ചത്. വൈകിട്ട് അവശനിലയിൽ വീട്ടിലെത്തിയ വിദ്യാർത്ഥി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പിന്നീട് കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ് ലൈനിലും തിരുവമ്പാടി പൊലീസിലും കുട്ടിയുടെ അമ്മ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസ് ഇല്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞതിനാലാണ് കയറാതിരുന്നതെന്നും വിദ്യാർത്ഥി പറഞ്ഞു.
എന്നാൽ കുട്ടിയെ പുറത്ത് നിർത്തിയില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ക്ലാസിനെത്താതിരുന്ന മൂന്ന് വിദ്യാർത്ഥികളോട് രക്ഷിതാക്കളുമായി എത്തിയാൽ മാത്രമേ ക്ലാസിൽ കയറ്റൂ എന്ന് അറിയിച്ചെങ്കിലും പരാതി നൽകിയ വിദ്യാർത്ഥി അതിന് തയ്യാറായില്ലെന്ന് പ്രധാന അധ്യാപകൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam