വിജയ് അടക്കം പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമവേദികൂടിയാകും സോണിയഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങ്. പുസ്തകത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ സോണിയ ഗാന്ധി ചടങ്ങിൽ മറുപടി നൽകിയേക്കും. ഈ മാസം 10ന് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സോണിയഗാന്ധിയുടെ ഓ‍ർമ്മക്കുറിപ്പുകൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടിരുന്നു.

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ന്‍റെ ഔദ്യോഗിക പ്രകാശനം തിങ്കളാഴ്ച ദില്ലിയിൽ നടക്കും. വിജയ് അടക്കം പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമവേദികൂടിയാകും സോണിയഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങ്. പുസ്തകത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ സോണിയ ഗാന്ധി ചടങ്ങിൽ മറുപടി നൽകിയേക്കും.

ഈ മാസം 10ന് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സോണിയഗാന്ധിയുടെ ഓ‍ർമ്മക്കുറിപ്പുകൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടിരുന്നു. കുടുംബത്തിന് അകത്തും പുറത്തും താൻ നേരിടേണ്ടി വന്ന വിഷയങ്ങൾ, കുടുംബാംഗങ്ങളുമായുള്ള ബന്ധം, പാർട്ടിക്ക് ഉള്ളിലും രാഷ്ട്രീയ എതിരാളികളിൽനിന്നും കേൾക്കേണ്ടി വന്ന വിദേശിയെന്ന വിളി, ഒരു കൈ അകലത്ത് വെച്ച് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചത്, ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെ വധം, പിന്നലെ അനുഭവിക്കേണ്ടി വന്ന സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സബർമതി എക്സ്പ്രസ് ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് സോണിയയുടെ പുസ്തകത്തിൽ പരാമർശിക്കുന്ന ഭാഗം കഴിഞ്ഞദിവസങ്ങളിൽ വിവാദത്തിനിടയാക്കിയിരുന്നു. അതിനെതിരെ അന്നത്തെ ഗുജറാത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘം തലവനായിരുന്ന രാകേഷ് അസ്താന രംഗത്തെത്തി. ഒപ്പം ചരിത്ര സംഭവങ്ങളിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയ ചില വർഷങ്ങളുടെ കാര്യത്തിലും പിശകുകളും കടന്നു കൂടി. നരസിംഹറാവു, പ്രണബ് മുഖർജി തുടങ്ങിയ നേതാക്കളെപ്പറ്റിയുള്ള പരാമർശവും വിവാദത്തിന് കാരണമായി. പുസ്തവുമായി ബന്ധപ്പെട്ട് ഉയർന്ന ഈ വിവാദങ്ങൾക്കെല്ലാം സോണിയഗാന്ധി മറുപടി പറയുമോ എന്നതിലാണ് രാഷ്ട്രീയ ആകാംഷ. ദില്ലിയിലെ ഐടിസി മൗര്യ ഹോട്ടലിൽ വൈകിട്ട് ആറിനാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് പ്രവർത്തക സമിതി അംഗങ്ങൾക്കാണ് ചടങ്ങളിലേക്ക് ക്ഷണം. വി‍ഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യും പ്രകാശന ചടങ്ങിൽ പങ്കെടുക്കും. നിലവിലെ കലുഷിത രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നിരയിലെ നേതാക്കളുടെ കൂടിച്ചേരലിന് കൂടി 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ന്‍റെ പ്രകാശന ചടങ്ങ് വേദിയാകും.