
കോഴിക്കോട് : പേരാമ്പ്ര പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത് കുട്ടിപ്പോലീസുകാര്‍. കേരളത്തിലെ തെരഞ്ഞെടുത്ത 20 പൊലീസ് സ്റ്റേഷനുകളിൽ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾക്ക് സ്റ്റേഷനുകളിൽ പരിശീലനം നൽകുകയെന്ന കേരള പൊലീസിന്‍റെ പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ സ്റ്റേഷനിലെത്തിയത്. സർവദേശീയ ശിശുദിനാഘോഷത്തിന്‍റെ ഭാഗമായാണ് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്ക്കൂൾ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾക്ക് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്തത്.
44 കേഡറ്റുകൾ രണ്ട് മണിക്കൂർ നേരം സ്റ്റേഷനിലെ കാര്യങ്ങൾ നിയന്ത്രിച്ചു. പാറാവ്, ഫ്രണ്ട് ഓഫിസ്, ജിഡി ഡ്യൂട്ടി തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടിപ്പോലീസ് ഏറ്റെടുത്തു. ഔദ്യോഗിക കസേരകളിൽ മീശ മുളക്കാത്ത കുട്ടികളെ കണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും സ്റ്റേഷനിൽ എത്തിയ പൊതുജനങ്ങൾ കുട്ടിപ്പോലീസുമായി സഹകരിച്ചു.
സ്റ്റേഷൻ ചുമതലകൾ മനസിലാക്കുന്നതിനും, പരാതികൾ കേൾക്കുന്നതിനും, ആയുധങ്ങൾ പരിചയപ്പെടുന്നതിനും കേഡറ്റുകൾക്ക് അവസരം ലഭിച്ചു. ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നെന്നാണ് കുട്ടിപ്പോലീസിന്റെ പ്രതികരണം. പൊലീസ് ഇൻസ്പെക്റ്റർ കെ.പി. സുനിൽ കുമാർ, എസ്ഐമാരായ പി. മോഹൻ ദാസ് , നൗഷാദ്, സിപിഒമാരായ രാധാക്യഷ്ണൻ, അജിത്ത്, അബ്ദുറഖീവ്, ബേബി, ഷിജിന, അധ്യാപകരായ കെ.പി. മുരളീകൃഷ്ണദാസ്, കെ.കെ. മുഹമ്മദ്, കെ. സുധ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam