
ഹൈദരാബാദ്: വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ശ്രമമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 105 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഫ്രന്‍സ് മാറ്റിവച്ചു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കേണ്ടിയിരുന്ന 105 -ാമത് സയന്‍സ് കോണ്‍ഫ്രന്‍സാണ് മാറ്റിവച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിയന്ത്രിക്കാനാവില്ലെന്നും സയന്‍സ് കോണ്‍ഗ്രസ് വേദി മാറ്റണമെന്നും സര്‍വശാല അധികൃതര്‍ സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു. സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സയന്‍സ് കോണ്‍ഗ്രസ് മാറ്റി വച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനം കൂടിയാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്.
ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതിഷേധമുയരാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍വ്വകലാശാല റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് സയന്‍സ് കോണ്‍ഗ്രസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്താന്‍ കഴിയില്ലെന്ന് വൈസ് ചാന്‍സലര്‍ തങ്ങളെ അറിയിച്ചതെന്ന് ഐഎസ്‌സിഎ ജനറല്‍ സെക്രട്ടറി പ്രൊഫ.ഗംഗാധര്‍ പറഞ്ഞു.
ഇതോടൊപ്പം തൊലുങ്കാനയിലെ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് 21 കാരനായ എംഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ത്ഥി എരമിന മുരളി ഡിസംബര്‍ മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു. തെലങ്കാനയിലെ തൊഴില്‍ പ്രശ്‌നത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ശക്തവും അക്രമാസക്തവുമായ പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നും പരിപാടി തടസപ്പെട്ടേക്കാമെന്നും സുരക്ഷാ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പരിപാടി മാറ്റി വച്ച കാര്യം തനിക്കറിയില്ലെന്നാണ് വൈസ് ചാന്‍സലര്‍ പ്രൊഫ.എസ് രാമചന്ദ്രന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വിവി ശ്രീനിവാസ റാവു കാമ്പസിലെത്തി സയന്‍സ് കോണ്‍ഗ്രസ് വേദികളാകേണ്ട എ, സി ഗ്രൗണ്ടുകള്‍ പരിശോധിച്ചിരുന്നു. ദലിത്, ഒബിസി, ന്യൂനപക്ഷ, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മോദിക്കെതിരെയും ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയര്‍ത്താന്‍ ഒരുങ്ങുന്നു എന്നാണ് അദ്ദേഹത്തിന് കിട്ടിയ വിവരം. ഇതനുസരിച്ച് സര്‍ക്കാരിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
മാര്‍ച്ച് 31ന് മുമ്പ് മറ്റൊരു വേദിയില്‍ മറ്റൊരിടത്ത് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കാനാവില്ലെന്ന് പ്രൊഫ.ഗംഗാധര്‍ പറയുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ് നടന്ന ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പൊസിഷന്‍സില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒസ്മാനിയ സര്‍വകലാശാല ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam