ആരോപണ വിധേയരെ പുറത്താക്കും; നെഹ്റു കോളജിലെ സമരം പിന്‍വലിച്ചു

By Web DeskFirst Published Mar 1, 2017, 6:30 AM IST
Highlights

തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണ വിധേയരായവരെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണ വിധേയരായവരെ പിരിച്ചുവിടുമെന്ന് പാമ്പാടി നെഹ്റു കോളജ് മാനേജ്മെന്റ് വ്യക്തമാക്കി. വൈസ്‌ പ്രിന്‍സിപ്പലും പി. ആര്‍.ഒയും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെയാണ് പിരിച്ചുടുക. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് മുദ്രപത്രത്തിലും കോളജിന്റെ ലെറ്റര്‍ പാഡിലും എഴുതി നല്‍കുകയും ചെയ്തു. മാനേജ്മെന്റ് ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചു.

കോളജ് തുറക്കാനായി ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിടാന്‍ മാനേജ്മെന്റ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വീണ്ടും സമരം തുടങ്ങിയിരുന്നു. ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികളായവരെ പുറത്താക്കുമെന്ന വ്യവസ്ഥയും പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്കരിച്ച് കോളജിന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു.

നെഹ്രൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കമുള്ള പ്രതികളെ കോളജില്‍ കയറ്റില്ലെന്നും കൃഷ്ണദാസിനെ മാറ്റി സഹോദരന്‍ പി. കൃഷ്ണകുമാറിന് കോളജിന്റെ ചുമതല നല്‍കാനുമായിരുന്നു ഒത്തുതീര്‍പ്പ് കരാര്‍. അതിനുശേഷം ആദ്യമായി കൃഷ്ണകുമാര്‍ ഇന്ന് കോളജിലെത്തിയപ്പോള്‍ കരാറില്‍ ഒപ്പിടണമെന്നും ആരോപണ വിധേയരെ പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാതിരുന്നതോടെയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.

click me!