വാതില്‍പ്പടി റേഷന്‍വിതരണവും പാളി; കൂടിയ വിലയ്ക്ക് അരി വാങ്ങുകയല്ലാതെ ഇനി നിര്‍വ്വാഹമില്ല

By Web DeskFirst Published Mar 1, 2017, 5:36 AM IST
Highlights

സ്വകാര്യ റേഷന്‍ മൊത്തവിതരണക്കാരെ ഒഴിവാക്കി സപ്ലൈകോ വഴി സംഭരിച്ച് സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുന്ന രീതിയാണ് വാതില്‍പ്പടി വിതരണം. റേഷന്‍കടകള്‍ മൊത്ത വിതരണക്കാരെ സമീപിച്ച് സാധനങ്ങള്‍ എടുക്കുന്ന രീതിയാണ് നിലവിലുള്ളത്. വാതില്‍പ്പടി സമ്പ്രദായത്തില്‍ സപ്ലൈകോ റേഷന്‍ കടകളില്‍ നേരിട്ട് സാധനമെത്തിക്കും. എന്നാല്‍ സപ്ലൈകോകള്‍ വഴി സാധനങ്ങള്‍ സംസ്ഥാനത്തെ 14,355 റേഷന്‍ കടകളിലെത്തിക്കാന്‍ തൊഴിലാളികളില്ല. പുറം കരാറാണ് കൊടുക്കാറുള്ളതെങ്കിലും ഇതുവരെയും അത് നടപ്പാക്കിയില്ല.

നിലവില്‍ റേഷന്‍ കടകള്‍ക്ക് നിശ്ചിത ശതമാനം കമ്മീഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിച്ച് നല്‍കുന്നതിനാല്‍ ഈ കമ്മീഷനില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാരണത്താല്‍ റേഷന്‍ കടക്കാര്‍ വാതില്‍പ്പടി വിതരണത്തെ എതിര്‍ക്കുന്നുമുണ്ട്. തങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത 328 സ്വകാര്യ മൊത്തവിതരണക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് വാതില്‍പ്പടി വിതരണത്തിന് സ്റ്റേ വാങ്ങിയിട്ടുണ്ട്. മാര്‍ച്ച് മാസത്തെ റേഷന്‍ സാധനങ്ങള്‍ സപ്ലൈകോയുടെ ഗോഡൗണില്‍ എത്തിയെങ്കിലും വിതരണം ചെയ്യാന്‍ ആളില്ല. ഫലത്തില്‍ റേഷന്‍ മുടങ്ങുന്നതോടെ നിലവില്‍ 50 രൂപയോടടുക്കുന്ന അരി വാങ്ങേണ്ടിവരുന്ന അവസ്ഥയിലാകും സാധാരണക്കാര്‍.

click me!