പ്രിന്‍സിപ്പാളിന് ആദരാഞ്ജലി പോസ്റ്റര്‍: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

By Web DeskFirst Published Mar 31, 2018, 8:38 PM IST
Highlights
  • പ്രിന്‍സിപ്പാളിന് ആദരാഞ്ജലി പോസ്റ്റര്‍: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജ്‌ പ്രിൻസിപ്പാളിനെതിരെ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി.  എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്കരഹിതമായ പെരുമാറ്റത്തിനാണ് നടപടി. കോളേജ് മാനേജ്‌മെന്റ് തീരുമാനം. 

കോളേജ്‌ തലത്തിൽ നടപടി സ്വീകരിക്കാനും  പോലീസിൽ പരാതി നൽകാനും മാനേജ്മെന്‍റ് നേരത്തെ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ സംഘടനകൾ സംഭവത്തിൽ കോളജിലേക്ക് പ്രകടനം നടത്തി. 

കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലിന് യാത്രയയപ്പ് നല്കുന്നതിനിടെയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചത്.  വിദ്യാര്‍ഥികളുടെ മനസില്‍ മരിച്ച പ്രിന്‍സിപ്പാളിന് ആദരാഞ്ജലികള്‍ എന്നായിരുന്നു പോസ്റ്റര്‍. ഇത് വൻ പ്രതിഷേധത്തിന് വഴി വച്ചതോടെയാണ് മാനേജ്‌മന്റ് അടിയന്തിര യോഗം ചേർന്നത്. പ്രിൻസിപ്പലിന് പൂർണ പിന്തുണ നൽകുവാനും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുവാനും യോഗം തീരുമാനിച്ചു.

സംഭവത്തെ കുറിച്ച് കോളേജ് തലത്തിൽ അന്വേഷിക്കുവാൻ അധ്യാപക സമിതി രൂപീകരിക്കും. ഈ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. പ്രിൻസിപ്പാളിനെ അവഹേളിച്ചതിൽ യൂത്ത് കോൺഗ്രസും ബിജെപിയും പ്രധിഷേധപ്രകടനം നടത്തി.  സംഭവത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും കോളജ് എഡ്യൂക്കേഷൻ ഡിറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്രവർത്തകർ ഉൾപെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്. 

click me!